കേന്ദ്രം സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നു: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രം കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ആഗോള വിദ്യാഭ്യാസ സംഗമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഉച്ഛദാര്‍ ശിക്ഷാ അഭിയാന്‍ (റുസ) പദ്ധതിയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. ആദ്യം 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമായിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിഹിതം 35 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന പദ്ധതി വിഹിതം 50-50 ആക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് ജനുവരി 29, 30 തിയ്യതികളില്‍ തിരുവനന്തപുരത്താണ് ആഗോള വിദ്യാഭ്യാസ സംഗമം നടത്തുന്നത്. കോവളം ലീല ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 115 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 15 ഓളം പ്രതിനിധികള്‍ വിദേശത്തുനിന്നായിരിക്കും.
അക്കാദമിക് സിറ്റി, അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ മേഖലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനഘടന സംബന്ധിച്ച ചര്‍ച്ചകളായിരിക്കും പ്രധാനമായും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കേരളത്തിലും വിദേശത്തുമുള്ള മികച്ച സര്‍വകലാശാലകളെ അക്കാദമിക് സിറ്റിയില്‍ കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it