കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാവും; നാല് ഡിജിപിമാരുടെ പദവി തുലാസില്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയ നാല് ഡിജിപിമാരുടെ പദവി തുലാസില്‍. 1986 ബാച്ചിലെ ഉദ്യോഗസ്ഥരായ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, ബി എസ് മുഹമ്മദ് യാസിന്‍ എന്നിവര്‍ക്കാണ് എഡിജിപി ആയിരിക്കെ കഴിഞ്ഞ ഫെബ്രുവരി 26ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രത്യേക അധികാരമുപയോഗിച്ച് ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയത്.
കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തു രണ്ട് കാഡര്‍, രണ്ട് എക്‌സ് കാഡര്‍ ഡിജിപി തസ്തികകളാണുള്ളത്. ഈ നാല് ഡിജിപിമാരായി ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ഋഷിരാജ്‌സിങ്, ടി പി സെന്‍കുമാര്‍ എന്നിവര്‍ നിലവിലുണ്ട്. ഇതിനു പുറമെയാണ് മറ്റു നാലുപേര്‍ക്കുകൂടി ഡിജിപി പദവി നല്‍കിയത്. എഡിജിപിയുടെ ശമ്പളത്തോടുകൂടി പ്രമോഷന്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, പുതിയ നാല് ഡിജിപി തസ്തികകള്‍ കേന്ദ്രം അംഗീകരിച്ചില്ല.
അതേസമയം, നാല് ഡിജിപിമാരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാനസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. തസ്തികയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നാലുപേര്‍ക്കുമെതിരേ റിപോര്‍ട്ട് നല്‍കിയത്.
നളിനി നെറ്റോ നല്‍കിയ ശുപാര്‍ശ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ പരിഗണനയിലാണ്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്ന് എ ഹേമചന്ദ്രനെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ റെഡ്ഡിയെയും മാറ്റിയതോടെയാണു നിലവിലെ ആശയക്കുഴപ്പം ഉടലെടുത്തത്. ഇതേത്തുടര്‍ന്ന്, പ്രശ്‌നപരിഹാരമെന്ന നിലയില്‍ ഡിജിപിമാരുടെ കാഡര്‍ തസ്തിക ആറായി ഉയര്‍ത്തണമെന്നു കേരളം കഴിഞ്ഞ കാഡര്‍ റിവ്യൂ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല.
ഇതിനിടെ പ്രമോഷന്‍ നല്‍കിയവരെ പോലിസ് ഡയറക്ടര്‍മാര്‍ എന്ന തസ്തികയില്‍ നിയമിക്കാനും പുതിയ സര്‍ക്കാര്‍ ശ്രമിച്ചു. ഇതും കേന്ദ്രം അംഗീകരിച്ചില്ല. കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ നാലുപേരുടെയും ഡിജിപി പദവി എടുത്തുമാറ്റണമെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനുമുള്ളത്. അധികാരമേറ്റയുടന്‍ തന്നെ ഈ ഉദ്യോഗസ്ഥരെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കിയതും ഈ നീക്കത്തിന്റെ ആദ്യപടിയായിരുന്നു. ഇവര്‍ക്കു മറ്റു പദവികളില്‍ നിയമനം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എഡിജിപി റാങ്കുള്ള പദവികള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് നാലുപേരും. അല്ലാത്തപക്ഷം, ഈ പദവികള്‍ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എഡിജിപി തസ്തികയിലുള്ള ശമ്പളമേ നല്‍കാന്‍ പറ്റൂവെന്ന് അക്കൗണ്ടന്റ് ജനറല്‍ നിലപാടെടുത്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും എജി അറിയിച്ചു.
നളിനി നെറ്റോയുടെ റിപോര്‍ട്ടിന്‍മേലുള്ള നിലപാട് ചീഫ് സെക്രട്ടറി ഏറെ താമസിയാതെ സര്‍ക്കാരിനെ അറിയിക്കും. അതിനുശേഷമാവും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക. ഇവരെ എഡിജിപിമാരായി വീണ്ടും തരംതാഴ്ത്തിയാല്‍ അത് ഏറെ ചര്‍ച്ചയാവും. ഡിജിപിയുടെ ശമ്പളം വേണ്ടെന്നും പദവി മാത്രം മതിയെന്നുമുള്ള നിലപാട് നാല് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഐപിഎസ് തലപ്പത്തേതിനു സമാനമായി ഐഎഎസ് തലപ്പത്തും കഴിഞ്ഞസര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it