Music

മലയാളികളുടെ സംഗീതത്തെ നിറച്ചൂട്ടിയ യൂസഫലി കേച്ചേരി

മലയാളികളുടെ സംഗീതത്തെ നിറച്ചൂട്ടിയ യൂസഫലി കേച്ചേരി
X









ഇശല്‍ തേന്‍കണം പൊഴിയും വരികളിലൂടെ മലയാളികളുടെ സംഗീതത്തെ നിറച്ചൂട്ടിയ കേച്ചേരിക്കാരന്‍. ശാരീരികവല്ലായ്മകള്‍ക്കിടയിലും പാട്ടിന്റെയും എഴുത്തിന്റെയും വഴികളെ നിറഞ്ഞ അഭിനിവേശത്തോടെ പുണരാന്‍ കൊതിച്ച കവി. അവസാനമായി കാണുമ്പോള്‍ അദ്ദേഹത്തില്‍ കേള്‍വിയും കാഴ്ചയും ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. ആ ദുരിതകാലത്തും അദ്ദേഹം കേച്ചേരിയിലെ സൂരജ്മഹലില്‍ പാട്ടിന്റെ പണിപ്പുരയിലായിരുന്നു.  'എഴുന്നൂറോളം പാട്ടുകള്‍ ഇതുവരെയെഴുതി. ഇനി എന്തുതോന്നുന്നു' എന്ന ചോദ്യത്തിന് 'വളരെ സന്തോഷം. അഡ്വാന്‍സ് കിട്ടിയാല്‍ ഇനിയും പാട്ടെഴുതും' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. ഒപ്പം 'നമുക്കും ജീവിക്കണമല്ലോ?' എന്ന മറുചോദ്യവും. 'എഴുതും. ആദ്യം മനസ്സിലെഴുതും പിന്നെ സമയം പോലെ കടലാസിലെഴുതും. എപ്പോഴും എഴുതിക്കൊണ്ടിരിക്കും. എഴുതാതിരുന്നാല്‍ മരിച്ചു എന്നാണ്. ആര്‍ക്കും പിന്നാലെ പോയിരുന്നില്ല. പ്രൊഡ്യൂസറോടോ ഡയറക്ടറോടോ പറഞ്ഞിട്ടേയില്ല. അവര്‍ എന്റെയടുത്ത് വരുമ്പോള്‍ അവര്‍ക്ക് ഞാന്‍ എന്റെ കവിത ദാനം ചെയ്യുകയായിരുന്നു.

' തന്റെ കാവ്യജീവിതത്തെ അദ്ദേഹം ഏതാനും വാക്കുകളില്‍ വെളിവാക്കുന്നു. മലയാളഭാഷ ഇനിയും ശുദ്ധമാക്കേണ്ടതുണ്ടെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിന് ശ്രേഷ്ഠപദവി ഉണ്ടായാല്‍ മാത്രം പോര. തമിഴ്‌നാട്ടില്‍ ഭാഷാവിദ്യാഭ്യാസ വിദഗ്ധര്‍ രൂപംകൊടുത്ത കമ്മിറ്റി അവരുടെ ഭാഷയെ നവീകരിച്ചു. എന്നാല്‍, നമ്മുടെ ഭാഷയില്‍ ഇത്തരമൊരു നവീകരണമുണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ  പരാതി. യൂസഫലി കേച്ചേരി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ഓര്‍മവരുക പ്രണയമധുര ഗാനങ്ങളാവും. മലയാളിയില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഗാനങ്ങളില്‍ പലതിലും ആ കവിയുടെ കൈയൊപ്പുണ്ടാവും.മലയാണ്‍മയുടെ സത്തയില്ലാത്ത വെറുംവാക്കുകളായി നമ്മുടെ ഗാനങ്ങള്‍ മാറുന്ന കാലത്താണ് വരികളുടെ വശ്യതയും അര്‍ഥസമ്പുഷ്ടതയും കൊണ്ട് മനസ്സു പിടിച്ചെടുത്ത ഗാനരചയിതാവിനെ നമുക്കു നഷ്ടമായത്.


യൂസഫലി കേച്ചേരിയുടെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും പിറന്നത് ഹിന്ദുസ്ഥാനി സംഗീതജ്ഞരുമായുള്ള കൂട്ടുകെട്ടിലൂടെയായിരുന്നു.

ധ്വനിയില്‍ നൗഷാദും സര്‍ഗത്തിലും പരിണയത്തിലും ബോംബെ രവിയും യൂസഫലിയുടെ വരികള്‍ക്ക് സംഗീതം നല്‍കി. 1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ച യൂസഫലി കേച്ചേരി കേരളവര്‍മ കോളജില്‍നിന്ന് ബി.എയും പിന്നീട് ബി.എല്ലും നേടി. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ പ്രോല്‍സാഹനവും പ്രേരണയുമായിരുന്നു യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954ല്‍ യൂസഫലിയുടെ ആദ്യ കവിത കൃതാര്‍ഥന്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. ഇന്ത്യയില്‍തന്നെ സംസ്‌കൃതത്തില്‍ മുഴുനീള ഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി ഒരുപക്ഷേ, യൂസഫലിയായിരിക്കും.



1962ല്‍ മൂടുപടം എന്ന ചിത്രത്തിലൂടെ രംഗത്തെത്തി.  മൂന്നു ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. 'സുറമയെഴുതിയ മിഴികളേ...', 'പാവാടപ്രായത്തില്‍...', ഇക്കരെയാണെന്റെ താമസം...', 'അനുരാഗഗാനം പോലെ...', 'മാന്‍കിടാവിനെ മാറിലേന്തുന്ന...', 'തമ്പ്രാന്‍ തൊടുത്ത് മലരമ്പ്...', 'പൊന്നില്‍ കുളിച്ച രാത്രി...', 'പതിനാലാം രാവുദിച്ചത്...', 'സ്വര്‍ഗം താണിറങ്ങി വന്നതോ...', 'കടലേ നീലക്കടലേ...', 'നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്...', 'മുറുക്കിച്ചുവന്നതോ...', 'മറഞ്ഞിരുന്നാലും മനസ്സിന്റെയുള്ളില്‍...' തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടം മുഴുവന്‍ മലയാളികള്‍ ഏറ്റുപാടി. എണ്‍പതുകളില്‍ പഴയകാല ഗാനരചയിതാക്കള്‍ പലരും പതിയെ പിന്‍വാങ്ങിയപ്പോഴും യൂസഫലി  തുടര്‍ന്നു. തൊണ്ണൂറുകളില്‍ സര്‍ഗം, പരിണയം, ഗസല്‍, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, സ്‌നേഹം, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അസ്തമിച്ചുപോയി എന്നു പലരും കരുതിയ മലയാള ഗാനങ്ങളിലെ കാവ്യഗുണം വീണ്ടെടുത്ത് അദ്ദേഹം മറുപടി നല്‍കി. പുത്തന്‍ സഹസ്രാബ്ദത്തില്‍ സംഗീതസംസ്‌കാരം ഒന്നാകെ മാറിയപ്പോഴും യൂസഫലിയുടെ കാവ്യങ്ങള്‍ക്ക് സ്വീകാര്യതയുണ്ടായി. യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ഗാനങ്ങളും വന്‍ ഹിറ്റുകളായിരുന്നു. 150 ചിത്രങ്ങള്‍; എഴുനൂറോളം പാട്ടുകള്‍  പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ എന്നീ കവികളായ ഗാനരചയിതാക്കള്‍ നിറഞ്ഞുനില്‍ക്കുന്ന അവസരത്തിലാണ് മറ്റൊരു കവിയായ യൂസഫലി കേച്ചേരി വെള്ളിത്തിരയ്ക്കു പിന്നിലേക്ക് കടന്നുവന്നത്.

ലാളിത്യം മുഖമുദ്രയാക്കിയ ഗാനരചയിതാവായിരുന്നു അദ്ദേഹം. സംസ്‌കൃതത്തില്‍ സിനിമാഗാനമെഴുതിയ ഇന്ത്യയിലെ ആദ്യ കവിയെന്ന സ്ഥാനവും യൂസഫലിക്ക് സ്വന്തമായിരുന്നു. കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷനും വിശിഷ്ടാംഗവുമായ യൂസഫലിക്ക് എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വയലാറിനും ഒ.എന്‍.വിക്കും ശേഷം ഗാനരചനയ്ക്കു ദേശീയ പുരസ്‌കാരം നേടിയ കവിയായിരുന്നു യൂസഫലി.ദേശീയ പുരസ്‌കാരത്തിനു പുറമേ നാലു തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, മൂലൂര്‍, ഒളപ്പമണ്ണ, ഉള്ളൂര്‍, ലൂമിയര്‍, ഫിലിം ക്രിട്ടിക്‌സ് എന്നിങ്ങനെ നീളുന്ന അംഗീകാരങ്ങളുടെ കൂട്ടത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡോ സമഗ്രസംഭാവനയ്ക്കുളള അവാര്‍ഡോ വിശിഷ്ടാംഗത്വമോ വയലാര്‍ അവാര്‍ഡോ കാണില്ല. എഴുത്തച്ഛന്‍ പുരസ്‌കാരവും ജ്ഞാനപീഠവുമില്ല.

ദേശീയോദ്ഗ്രഥനത്തിന്റെയും മതേതരത്വത്തിന്റെയും തത്ത്വചിന്തയുടെയും കൊടിക്കൂറ ഉയര്‍ത്തിയ കവിയെ രാജ്യം അംഗീകരിക്കാത്തതില്‍ ആസ്വാദകലോകത്തിന് പരിഭവമുണ്ടെങ്കിലും കവിക്ക് തെല്ലും ഖേദമുണ്ടായിരുന്നില്ല. കാരണം കവിത എഴുതുമ്പോള്‍ സമ്പൂര്‍ണ സംതൃപ്തി കണ്ടെത്തിയിരുന്നു ആ കവി. ഹജ്ജിന്റെ ഓര്‍മ ഹജ്ജ് വേളയില്‍ ആത്മീയനിര്‍വൃതിയുടെ മാനസികതലങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്നായിരുന്നു തന്റെ ഹജ്ജ് ഓര്‍മയെക്കുറിച്ച് യൂസഫലി കേച്ചേരി പറഞ്ഞത്.

ഹജ്ജിലെ മതേതരത്വം എന്ന പേരില്‍ ഒരു പുസ്തകരചനയ്ക്ക് അദ്ദേഹത്തിന് പ്രചോദനമായതും വിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും നവ്യാനുഭവങ്ങള്‍ തന്നെയായിരുന്നു. ആത്മീയതയുടെയും വിശ്വാസത്തിന്റെയും ലാളിത്യമാണ് ഹജ്ജെന്നായിരുന്നു യൂസഫലിയുടെ അഭിപ്രായം. മുഹമ്മദ് നബിയെ കുറിച്ച് മലയാളത്തില്‍ ശ്രദ്ധേയമായ ഒരു ഗാനം എഴുതിയതും കേച്ചേരിയായിരുന്നു.

ഹജ്ജ് വേളയില്‍ ഹിറാ ഗുഹയില്‍ എത്തിയപ്പോള്‍ താന്‍ രചിച്ച 'റസൂലേ നിന്‍ വരവാലേ, റസൂലേ നിന്‍ കനിവാലേ...' എന്ന ഗാനം എവിടെ നിന്നോ ഒഴുകിയെത്തുന്ന പോലെ അനുഭവപ്പെട്ടതായി യൂസഫലി പറഞ്ഞിരുന്നു. യേശുദാസിന്റെ  സ്വന്തം സ്റ്റുഡിയോ ആയ തരംഗിണി ഉദ്ഘാടനം ചെയ്തതിനു ശേഷമുള്ള ആദ്യ റിക്കാഡിങ് ഈ പാട്ടിന്റേതായിരുന്നു.



Yousafali-Kecheri-b 1           മുസ്‌ലിം സംസ്‌കാരത്തിന്റെ മനോഹരമായ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടുകളില്‍ തെളിഞ്ഞുനിന്നു. 'പതിനാലാം രാവുദിച്ചത്...',  'കല്ലായി പുഴയൊരു മണവാട്ടി...' അങ്ങനെ എത്രയെത്ര ശ്രദ്ധേയമായ പാട്ടുകള്‍. സ്വരരാഗ ഗംഗാപ്രവാഹം രാമു കാര്യാട്ടിലെ കവിത്വമാണ് തന്നെ സിനിമയിലേക്കെത്തിച്ചതെന്ന് യൂസഫലി പറയും. രണ്ടു പേരും അക്കാലത്ത് വാരികകളില്‍ കവിതകളെഴുതുമായിരുന്നു. ആ ബന്ധമാണ് സിനിമയിലേക്കു വളര്‍ന്നത്. ബാബുരാജ് ഈണമിട്ട പാട്ട് ഹിറ്റായപ്പോള്‍ യൂസഫലി എന്ന ഗാനരചയിതാവും ജനപ്രിയകവിയായി. സിന്ദൂരച്ചെപ്പിലെ ജി. ദേവരാജന്‍ ചിട്ടപ്പെടുത്തിയ 'ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍...' എന്ന ഗാനം പിറന്നതോടെ കവിയിലെ ഒന്നാന്തരം ഗാനരചയിതാവിനെ മലയാളി മനസ്സില്‍ കരുതിവച്ചു. ഗസല്‍ ശൈലിയില്‍ എഴുതിയ പല ഭാവഗാനങ്ങളും മലയാളി നെഞ്ചോടു ചേര്‍ത്തു. ബാബുരാജില്‍നിന്ന് തുടങ്ങി മോഹന്‍സിത്താരയും ന്യൂജനറേഷന്‍ സംഗീതസംവിധായകരും വരെ യൂസഫലിയുടെ വരികള്‍ ഈണങ്ങളാക്കി. കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, ബോംബെ രവി, എസ്.പി. വെങ്കിടേഷ്, ഇളയരാജ, ശ്യാം, എ.ടി. ഉമ്മര്‍, ജെറി അമല്‍ദേവ് തുടങ്ങിയവരുമുണ്ട് അക്കൂട്ടത്തില്‍. ദേവരാജന്‍ തന്നെയായിരുന്നു ദീര്‍ഘകാല പങ്കാളി. 42 ചിത്രങ്ങളിലാണ് ഇരുവരും ചേര്‍ന്നു ഗാനങ്ങളൊരുക്കിയത്.

യേശുദാസും എസ്. ജാനകിയും മുതല്‍ സെല്‍മാ ജോര്‍ജും കുന്നംകുളത്തെ കെ.സി. വര്‍ഗീസും വരെ യൂസഫലിയുടെ പാട്ടുകള്‍ പാടി.സംഗീതസംസ്‌കാരം എത്ര മാറിയാലും യൂസഫലിയുടെ പാട്ടുകള്‍ക്ക് ഇനിയും സ്വീകാര്യതയുണ്ടായിരിക്കുമെന്നതിന് സംശയമില്ല. കാരണം മലയാളിത്തമെന്ന് നാം സങ്കല്‍പ്പിക്കുന്ന എല്ലാ ചേരുവകളും ആ കവിയില്‍ ഒത്തു ചേര്‍ന്നിരുന്നു. 'മാനസനിളയില്‍..., ജാനകീജാനേ..., അഞ്ചുശരങ്ങളും..., പാര്‍വണേന്ദുമുഖീ..., കൃഷ്ണകൃപാസാഗരം..., സഹ്യസാനുശ്രുതി ചേര്‍ത്തുവച്ച..., ആലിലക്കണ്ണാ..., ഇശല്‍തേന്‍കണം ചോരുമീ...' തുടങ്ങി നമ്മുടെ സംഗീതകാവ്യശാഖയെ തരളിതമാക്കിയ വരികള്‍ സമ്മാനിച്ച യൂസഫലി എന്ന കവിയെ എന്നെന്നും നന്ദിയോടെ മാത്രമേ മലയാളം സ്മരിക്കൂ.

Next Story

RELATED STORIES

Share it