കെ സി ജോസഫ് ഹാജരാവാന്‍ ഉത്തരവ്

കൊച്ചി: കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെ സി ജോസഫ് ഹൈക്കോടതിയില്‍ ഇന്ന് (വ്യാഴം) നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കിത്തരണമെന്ന അപേക്ഷ ഹൈക്കോടതി അനുവദിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തന്റെ സാനിധ്യം അത്യാവശ്യമായതിനാല്‍ നാളെ (വെള്ളിയാഴ്ച) ഹാജരാവാമെന്ന അപേക്ഷയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്. നാളെ 12.30ന് നേരിട്ട് ഹാജരാവാനാണ് ഉത്തരവ്. രാജ്യസഭയിലേക്ക് എ കെ ആന്റണിയും എം പി വീരേന്ദ്രകുമാറും മല്‍സരിക്കുന്നുണ്ട്. എ കെ ആന്റണിയുടെ പത്രിക പൂരിപ്പിക്കുന്നതടക്കമുള്ള ചുമതലയുള്ളതിനാല്‍ ഇന്ന് ഹാജരാവാനാവില്ലെന്നാണ് മന്ത്രി കോടതിയെ അറിയിച്ചത്. ഇതിനിടെ താന്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയെന്നും ഫേസ്ബുക്കില്‍ മാര്‍ച്ച് നാലിന് തന്റെ അഭിപ്രായം തിരുത്തി ക്ഷമാപണം നടത്തിയെന്നും ഇത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായും മന്ത്രി നല്‍കിയ അപേക്ഷയില്‍ പറയുന്നു. ഇതിനിടെ കോടതിയലക്ഷ്യ നിയമം ദുരുപയോഗം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറ ഹരജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it