കെ ബാബുവിനെതിരേ പോസ്റ്റര്‍ പ്രചാരണം; നടപടിക്ക് വരണാധികാരിയുടെ ശുപാര്‍ശ

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ ബാബുവിനെ വ്യക്തിഹത്യ നടത്തുംവിധം പോസ്റ്റര്‍ പതിപ്പിച്ചതില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ. പരാതിയുടെ പകര്‍പ്പും ബന്ധപ്പെട്ട രേഖകളും പോലിസിനു നല്‍കിയതായി ജില്ല തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ എം ജി രാജമാണിക്യത്തിന് മണ്ഡലം വരണാധികാരിയായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ വി അബ്ദുല്‍ അസീസ് റിപോര്‍ട്ട് നല്‍കി. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി കെ ബാബുവിനെതിരേ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ പെരിമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പരാതിക്കൊപ്പം ഹാജരാക്കിയ പോസ്റ്റര്‍ പരിശോധിച്ചതില്‍ പോസ്റ്ററിന്റെ പ്രസാധകന്‍, അച്ചടിച്ച സ്ഥാപനത്തിന്റെ പേര് എന്നിവ കണ്ടെത്താനായില്ല. വ്യക്തിഹത്യക്കുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും വ്യക്തമായതായി റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്ററുകള്‍ അടിയന്തരമായി നീക്കംചെയ്ത് വീഡിയോ ചിത്രീകരണം നടത്താന്‍ മാതൃകാ പെരുമാറ്റച്ചട്ട സംഹിത പരിപാലന സമിതിക്കും ഡീഫെയ്‌സ്‌മെന്റ് സംഘത്തിനും നിര്‍ദേശം നല്‍കിയിരുന്നു. ഇത് അടിയന്തരമായി നടപ്പാക്കിവരുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് ആര്‍ വേണുഗോപാലാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it