കെ പി യോഹന്നാന്റെ മിഷണറിക്കെതിരേ കാനഡയില്‍ അന്വേഷണം

കെ എ സലിം

ന്യൂഡല്‍ഹി: കേരളത്തിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഫണ്ട് കൈമാറിയതിലെ ക്രമക്കേടു സംബന്ധിച്ച് കാനഡയിലെ മിഷണറി സംഘടനയ്‌ക്കെതിരേ അന്വേഷണം. ടെക്‌സസ് ആസ്ഥാനമായുള്ള ഗോസ്‌പെല്‍ ഫോര്‍ ഏഷ്യ കാനഡ എന്ന സംഘടനയ്‌ക്കെതിരേയാണ് 94 മില്യന്‍ ഡോളറിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് കനേഡിയന്‍ അധികൃതര്‍ അന്വേഷണം നടത്തുന്നത്.
മലയാളിയായ കെ പി യോഹന്നാനാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സ്ഥാപകന്‍. 2007-14 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് 93.5 മില്യന്‍ ഡോളര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുവെന്നാണ് ഗോസ്‌പെല്‍ കാനഡ റവന്യൂ അതോറിറ്റിക്കു നല്‍കിയ വിവരത്തില്‍ പറയുന്നത്. എന്നാല്‍, ഈ കാലയളവില്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ പണമെത്തിയതു സംബന്ധിച്ച് ഇന്ത്യ ഗവണ്മെന്റിന്റെ പക്കല്‍ രേഖകളൊന്നുമില്ല. കാനഡയിലും ഇതു സംബന്ധിച്ച അക്കൗണ്ട് വിവരങ്ങളില്ല.
സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗോസ്‌പെല്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്നുവെന്നു കാട്ടി സംഘടനയുടെ കാനഡയിലെ മേധാവി പാറ്റ് എംറിക്കിനെതിരേ കഴിഞ്ഞ മാസമാണ് നിയമനടപടികള്‍ ആരംഭിച്ചത്. ഗോസ്‌പെല്‍ സ്ഥാപകനും പ്രസിഡന്റുമായ യോഹന്നാന്‍ ടെക്‌സസിലെ വില്ലസ് പോയിന്റിലാണു താമസിക്കുന്നത്. കേരളത്തിലാണ് ഗോസ്‌പെലിന്റെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ. ദലിതു വിഭാഗക്കാര്‍ക്കായുള്ള സഹായപ്രവര്‍ത്തനത്തിനെന്ന പേരിലാണ് ഫണ്ട് സ്വരൂപിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണം എംറിക് നിഷേധിക്കുകയാണ്. എന്നാല്‍, ഗോസ്പലിനു വേണ്ടി കഴിഞ്ഞ 20 വര്‍ഷമായി ഫണ്ട് സ്വരൂപിച്ച നോവ സ്‌കോട്ടിയ പാസ്റ്റര്‍ ബ്രൂസ് മോറിസണാണ് കാനഡ റവന്യൂ ഏജന്‍സിക്കും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസിനും പരാതി നല്‍കിയത്.
ഇതു സംബന്ധിച്ച് ഇന്ത്യ ഗവണ്മെന്റില്‍ നിന്നുള്ള രേഖകളും മോറിസണ്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ച പണത്തിന്റെ ഒരു ശതമാനം മാത്രമാണ് ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഗോസ്പല്‍ ഉപയോഗിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എട്ടുവര്‍ഷത്തിനിടെ, പലഭാഗത്തു നിന്നായി സ്വരൂപിച്ച 128 മില്യന്‍ യുഎസ് ഡോളര്‍ ഇന്ത്യയില്‍ അപ്രത്യക്ഷമായെന്ന് മോറിസണ്‍ സമര്‍പ്പിച്ച 21 പേജുള്ള സാമ്പത്തിക വിശകലനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 56 മില്യ ന്‍ തങ്ങള്‍ സ്വീകരിച്ചതായി ഗോസ്പലിന്റെ ഇന്ത്യയിലെ ശാഖയും അവയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്നു ജീവകാരുണ്യ പ്രവര്‍ത്തന സംഘടനകളും പറയുന്നു. 152 മില്യന്‍ ഡോളര്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കാണിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി യോഹന്നാന്‍ കോടിക്കണക്കിന് ഡോളര്‍ പിരിക്കുകയും അത് കേരളത്തില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുകയും ചെയ്തതായി മോറിസണ്‍ ചൂണ്ടിക്കാട്ടുന്നു. ഗോസ്പലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു പുറത്താക്കപ്പെട്ട ഗാരി ക്ലൂലി സംഘടനയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ കനേഡിയന്‍ റവന്യൂ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. പിരിച്ച പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാണ് തന്നെ പുറത്താക്കിയതെന്ന് ക്ലൂലി ആരോപിക്കുന്നു.
ദലിതുകളെ ഉദ്ധരിക്കാനായി പണം പിരിച്ച് കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ കെട്ടിപ്പൊക്കിയതായും 19 മില്യന്‍ യുഎസ് ഡോളര്‍ കൊടുത്ത് റബര്‍തോട്ടം വാങ്ങിയതായും പരാതിയില്‍ പറയുന്നു. നേരത്തെ ഇതേ പണം ഉപയോഗിച്ച് ടെക്‌സസില്‍ 45 മില്യന്‍ ഡോളര്‍ ചെലവിട്ട് ആസ്ഥാനം പണിതതും അന്വേഷണത്തിന്റെ പരിധിയിലാണ്.
Next Story

RELATED STORIES

Share it