കെ ജി സുബ്രഹ്മണ്യന്‍: ലാളിത്യവും സങ്കീര്‍ണതയും ആവാഹിച്ച ചിത്രകാരന്‍

കോഴിക്കോട്: ലാളിത്യവും സങ്കീര്‍ണതയും ഒരേസമയം ചിത്രങ്ങളില്‍ ആവാഹിച്ച കലാകാരനായിരുന്നു അന്തരിച്ച കെ ജി സുബ്രഹ്മണ്യനെന്ന് ചിത്രകാരന്‍ പോള്‍ കല്ലാനോട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കുട്ടികളില്‍ മാത്രം അന്തര്‍ലീനമായ ലാളിത്യം ദര്‍ശിക്കാനാവും. അതേസമയം അതിസങ്കീര്‍ണമായ സാമൂഹികാവസ്ഥയും ഇദ്ദേഹം കാന്‍വാസില്‍ പകര്‍ത്തി.
ഇദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ ചിലരില്‍ ഈ രീതി ദര്‍ശിക്കാനാവുമെങ്കിലും ഈ ദ്വന്ദ്വാത്മകത ആവോളം പകര്‍ത്തിയ ചിത്രകാരനായിരുന്നു കെ ജി സുബ്രഹ്മണ്യന്‍. 92ാം വയസ്സിലും ചിത്രരചനയില്‍ സജീവമായി തന്നെ സാന്നിധ്യം ഉറപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ ചിത്രകലാ സമര്‍പ്പണത്തിന്റെ അടയാളം കൂടിയാണ്. ചിത്രകാരന്റെ പ്രായം ആവിഷ്‌കാരത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നില്ല എന്നു തെളിയിച്ച് കടന്നുപോയ കെ ജി എസ് രചനാലോകത്ത് എക്കാലവും ഓര്‍മപ്പെടുന്ന വ്യക്തിയാണെന്നും പോള്‍ കല്ലാനോട് അനുസ്മരിച്ചു.
ഒറ്റനോട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് എന്നു തോന്നാമെങ്കിലും രണ്ടാം കാഴ്ചയില്‍ സൂക്ഷ്മതയുടെ അന്തരാര്‍ഥം ബോധ്യപ്പെടുന്ന രചനകളുടെ ഉടമയായിരുന്നു കെ ജി സുബ്രഹ്മണ്യനെന്ന് ചിത്രകാരനായ സുനില്‍ അശോകപുരം അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്റെ നിര്യാണത്തോടെ ചിത്രകലാരംഗത്തെ കുലപതിയെയാണു നഷ്ടമാവുന്നത്. ചിത്രകാരന്‍ എന്നതിലുപരി ചിത്രകലാ ചരിത്രത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ 90ാം പിറന്നാളിനോട് അനുബന്ധിച്ച് എറണാകുളം ദര്‍ബാര്‍ഹാളില്‍ നടത്തിയ 90 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മലയാളികള്‍ക്ക് ഇദ്ദേഹത്തിന്റെ ചിത്രങ്ങളെ അവസാനമായി കാണാനുള്ള അവസരം നല്‍കിയത്.
ഒരു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കിയ ഈ ചിത്രങ്ങള്‍ മനുഷ്യാവസ്ഥകളെയും പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്നവയായിരുന്നു. ചിത്രകാരന്‍ എന്നതിനൊപ്പം സജീവമായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കെ ജി സുബ്രഹ്മണ്യനെന്നും സുനില്‍ അശോകപുരം അനുസ്മരിച്ചു.
Next Story

RELATED STORIES

Share it