കെ കരുണാകരന്റെ മക്കളെ വീഴ്ത്തിയവര്‍ മന്ത്രിപദത്തിലേക്ക്

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ലീഡര്‍ കരുണാകരന്റെ മകനെയും മകളെയും വീഴ്ത്തിയവര്‍ മന്ത്രിസഭയില്‍. 2004ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലാണ് നിയുക്ത സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കെ മുരളീധരനെ 3,715 വോട്ടുകള്‍ക്ക് അടിയറവു പറയിപ്പിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച് വൈദ്യുതി വകുപ്പ് മന്ത്രിയായ മുരളീധരന്‍ ആറു മാസത്തിനകം എംഎല്‍എ ആവുന്നതിനു വേണ്ടിയാണ് വി ബല്‍റാമിനെ രാജിവയ്പ്പിച്ച് നിയമസഭയിലേക്ക് മല്‍സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ മന്ത്രിയെന്ന പേരുദോഷം അതോടെ ഉണ്ടായി. ഇപ്പോഴിതാ ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ച കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച സിപിഐയിലെ വി എസ് സുനില്‍കുമാറും മന്ത്രിയായിരിക്കുന്നു.
തൃശൂരില്‍ നിന്നും കേരള രാഷ്ട്രീയത്തിലെ ചാണക്യനായി മാറിയ ലീഡറുടെ മകളെയും മകനെയും തോല്‍പ്പിച്ചവരുള്ള മന്ത്രിസഭ എന്ന കൗതുകംകൂടി പുതിയ മന്ത്രിസഭയ്ക്ക് സ്വന്തം. അച്ഛനെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയ തൃശൂരില്‍ മല്‍സരിക്കാന്‍ എങ്ങിനെ ധൈര്യം വന്നുവെന്ന ചോദ്യത്തിന് അന്നത്തെ തൃശൂരല്ല ഇന്നത്തേതെന്നായിരുന്നു പത്മജയുടെ മറുപടി.
എന്നാല്‍, സീറ്റ് പിടിച്ചെടുക്കാന്‍ കൈപ്പമംഗലം സീറ്റില്‍ നിന്നു മാറിയാണ് സുനില്‍കുമാര്‍ തൃശൂരില്‍ മല്‍സരിക്കാനെത്തിയത്. സീറ്റ് പിടിച്ചെടുത്ത അദ്ദേഹത്തെ പാര്‍ട്ടി മന്ത്രിയാക്കുകയും ചെയ്തു. കര്‍ഷകത്തൊഴിലാളികളുടെ മകനും സ്വാതന്ത്ര്യസമര സേനാനിയുടെ പേരമകനുമാണ് സുനില്‍കുമാര്‍.
തൃശൂരിലെ മൂന്നാമത്തെ മന്ത്രിയായ പ്രഫ. സി രവീന്ദ്രനാഥിനും അപൂര്‍വമായ ഒരു ബഹുമതി കൈവന്നിരിക്കുന്നു. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ള രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ജോസഫ് മുണ്ടശ്ശേരിയായിരുന്നു ഇവിടെ നിന്നുള്ള ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി. 1957ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുണ്ടശ്ശേരി മണലൂര്‍ മണ്ഡലത്തില്‍ നിന്നാണ് 1,995 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നത്. രണ്ടു മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിനു സംഭാവന ചെയ്ത ജില്ല കൂടിയാണ് തൃശൂര്‍. സി അച്യുതമേനോന്‍ രണ്ടു തവണയും കെ കരുണാകരന്‍ നാലു തവണയും മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കരുണാകരന്‍ നാലു തവണ പ്രതിപക്ഷസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ തൃശൂര്‍ ജില്ലയ്ക്ക് ഒരു മന്ത്രി മാത്രമാണ് ഉണ്ടായിരുന്നത്. വടക്കാഞ്ചേരിയില്‍ നിന്നു വിജയിച്ച സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. ഇത്തവണ മന്ത്രിസഭയിലെ പ്രാതിനിധ്യം മൂന്നായി ഉയര്‍ന്നിരിക്കുന്നു. ഇതിനു മുമ്പ് 1991ലാണ് തൃശൂര്‍ ജില്ലയ്ക്ക് മൂന്നു മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ തൃശൂരില്‍ നിന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായും പി പി ജോര്‍ജ് കൃഷിവകുപ്പ് മന്ത്രിയായും കെ പി വിശ്വനാഥന്‍ വനംവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. ഇടതുപക്ഷ മന്ത്രിസഭയില്‍ തൃശൂര്‍ ജില്ലയ്ക്ക് നിര്‍ണായക സ്ഥാനം ലഭിക്കുന്നത് ഇതാദ്യമായാണ്.
Next Story

RELATED STORIES

Share it