കെ എം മാണി മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്ന് ആവശ്യം

കോട്ടയം: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കെ എം മാണി മന്ത്രിസഭയിലേക്ക് തിരിച്ചെത്തണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യം. കെ എം മാണിക്ക് പകരം തല്‍ക്കാലം പുതിയ മന്ത്രിസ്ഥാനം ആവശ്യപ്പെടേണ്ടതില്ലെന്നും ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അവശ്യഘട്ടത്തില്‍ പുതിയ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയെ യോഗം ചുമതലപ്പെടുത്തി. അതേസമയം മാണി തിരിച്ചെത്തണമെന്ന ആവശ്യത്തില്‍ ജോസഫ് അനുകൂലികള്‍ മൗനം പാലിച്ചു.
മാണി രാജിവച്ചശേഷം ആദ്യമായി ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ബാര്‍ കോഴ കേസായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. കേസില്‍ ഇരട്ടനീതിയാണെന്നും ആഭ്യന്തരവകുപ്പ് മനപ്പൂര്‍വം ക്രൂശിക്കാന്‍ ശ്രമിച്ചുവെന്നും യോഗത്തില്‍ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ കോണ്‍ഗ്രസ്സുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ചില നേതാക്കള്‍ അഭിപ്രായമുന്നയിച്ചു.
ധനവകുപ്പ് പോലെ പ്രധാന വകുപ്പ് കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി ഇത് തിരിച്ചെടുക്കണമെന്നും സംസ്ഥാന സെക്രട്ടറി ആന്റണി രാജു പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെ എം മാണി പറഞ്ഞു. ഇതിനായി പോഷക സംഘടനകളെല്ലാം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായെന്നും യോഗം വിലയിരുത്തി. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മാണി ബാര്‍ കോഴയില്‍ പുനരന്വേഷണം നീട്ടരുതെന്നും എത്രയും വേഗം ഇത് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം അവശ്യമായ സമയത്ത് പൂര്‍ത്തിയാക്കണം. അന്വേഷണത്തെ ഭയക്കുന്നില്ല. കേസ് അനന്തമായി നീളുന്നത് അംഗീകരിക്കാനാവില്ല. പുതിയ മന്ത്രി തല്‍ക്കാലം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍ കോഴക്കേസില്‍ പുനരന്വേഷണ റിപോര്‍ട്ട് അനുകൂലമാവുമെന്ന വിശ്വാസമാണ് മന്ത്രി സ്ഥാനം തല്‍ക്കാലം വേണ്ടെന്ന നിലപാടിലേക്ക് കേരളാ കോണ്‍ഗ്രസ്സിനെ എത്തിച്ചത്.
Next Story

RELATED STORIES

Share it