Alappuzha local

കെ എം മാണി ബാര്‍ കോഴക്കേസിലെ പരല്‍മീന്‍ മാത്രം: എം ടി രമേശ്

ആലപ്പുഴ: കെ എം മാണി ബാര്‍ കോഴക്കേസിലെ പരല്‍മീന്‍ മാത്രമാണെന്നും വലിയ മീനുകള്‍ ഇപ്പോഴും മന്ത്രിസഭയിലുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം ടി രമേശ് പറഞ്ഞു. ആരോപണവിധേയരായ കെ ബാബുവും വി എസ് ശിവകുമാറും ഇപ്പോഴും മന്ത്രിസഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയും ഇതിലൊരു പങ്ക് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ നില തുലാസിലാണ്. കേരളത്തില്‍ ഒരിടത്തും ബിജെപി സഹായത്തോടെ ഇരുമുന്നണികള്‍ക്കും ഒരു അധ്യക്ഷനോ ഉപാധ്യക്ഷനോ ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ്. കമ്യൂണിസ്റ്റ് കൊത്തളങ്ങളില്‍ നിന്നു സിപിഎമ്മിനെ കുടിയിറക്കാന്‍ ബിജെപിക്ക് കഴിഞ്ഞെന്നും എം ടി രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ എസ് രാജന്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി കെ സോമന്‍ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it