Districts

കെ എം മാണിയെ കുടുക്കിയത്  മുഖ്യമന്ത്രിയെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു പി സി ജോര്‍ജ്. കെ എം മാണി മുഖ്യമന്ത്രിയാവുമെന്ന വിധത്തില്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് മാണിയെ ഉമ്മന്‍ചാണ്ടി കുടുക്കിയതെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുമ്പ് കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു താഴെയിറക്കാന്‍ പാമൊലിന്‍ കേസിന്റെ ഫയലുകള്‍ എകെജി സെന്ററില്‍ ഉമ്മന്‍ചാണ്ടി എത്തിച്ചു. ഇതിന് ഇടനിലക്കാരനായി നിന്നത് കോണ്‍ഗ്രസ് നേതാവ് എം എം ഹസനാണ്. ധൈര്യമുണ്ടെങ്കില്‍ ഹസന്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യട്ടെയെന്നും ജോര്‍ജ് വെല്ലുവിളിച്ചു.
തന്റെ നിയമസഭാംഗത്വം കളയാന്‍ നടന്ന മാണി തലയില്‍ മുണ്ടിട്ട് ജനങ്ങള്‍ക്കിടയില്‍ അപമാനിതനായി നില്‍ക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. മാണിയുടെ കെടുകാര്യസ്ഥത കാരണം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അവതാളത്തിലാണ്. യുഡിഎഫ് അധികാരമേറ്റപ്പോള്‍ 87,483 കോടി രൂപയുടെ കടമുണ്ടായിരുന്നത് ഇപ്പോള്‍ 1,59,000 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. മാണി രാജിവയ്ക്കുന്നതിനു മുമ്പും കോടികളുടെ അഴിമതി നടത്തി. പല കരാറുകളും കോഴ വാങ്ങിയാണു നല്‍കിയത്. ഈ കാലയളവില്‍ മാണി നടത്തിയ അഴിമതി പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജോര്‍ജ് വെല്ലുവിളിച്ചു. കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഉണ്ണി തന്നോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് പണം നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. കെ ബാബുവിനും ഉമ്മന്‍ചാണ്ടി പറഞ്ഞതനുസരിച്ചാണ് കോഴപ്പണം നല്‍കിയതെന്നും ജോര്‍ജ് ആരോപിച്ചു.
Next Story

RELATED STORIES

Share it