കെ എം മാണിയുടെ ബന്ധുക്കള്‍ക്ക് കൃത്രിമ റബര്‍ വിപണന കമ്പനി; തെളിവുകളുമായി പി സി ജോര്‍ജ്

കോട്ടയം: റബര്‍ കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മൂന്നു ദിവസമായി നിരാഹാരസമരം നടത്തുന്ന ജോസ് കെ മാണി എംപിക്കെതിരേ ഗുരുതര ആരോപണവുമായി പി സി ജോര്‍ജ്. ജോസ് കെ മാണിയുടെ ഭാര്യക്കും ബന്ധുക്കള്‍ക്കും കൃത്രിമ റബര്‍ വിപണന കമ്പനിയുണ്ടെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
1989 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് കമ്പനി ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. 1989 മുതല്‍ 2009 വരെ ജോസ് കെ മാണിയും ഈ കമ്പനിയില്‍ പാര്‍ട്ണറായിരുന്നു. ഇപ്പോള്‍ ഭാര്യ നിഷ ജോസ് കമ്പനിയില്‍ പാര്‍ട്ണറാണെന്നും ജോര്‍ജ് വ്യക്തമാക്കി. ജോസ് കെ മാണിയുടെ സഹോദരീ ഭര്‍ത്താവ് മാത്യു സേവ്യര്‍ ഇടക്കാട്ടുകുടിയാണ് കമ്പനി എംഡി. സേവ്യറിന്റെ സഹോദരന്‍ ജയിംസിന്റെ ഭാര്യ രൂപയും പാര്‍ട്ണറാണ്. കമ്പനിയുടെ പരസ്യത്തില്‍ ബന്ധപ്പെടാനുള്ള പ്രതിനിധിയായി കാണിച്ചിരിക്കുന്നത് ജയിംസിന്റെ അളിയന്‍ ജോര്‍ജ് റോയിയെയാണ്. സംസ്ഥാനത്തെ കൃത്രിമ റബറിന്റെ വിതരണക്കാരായ ഈ കമ്പനി റിലയന്‍സ് കമ്പനിയുടെ ക്രെഡര്‍ ഏജന്റാണെന്നും വ്യക്തമാക്കുന്നു.
കമ്പനിയുടെ മൂന്ന് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാതെയാണെന്നും വില്‍പന നികുതി വകുപ്പിനെ കബളിപ്പിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. റിലയന്‍സ് കമ്പനിയുടെ കൃത്രിമ റബറിന്റെ സ്‌റ്റോക്കിസ്റ്റായി പ്രവര്‍ത്തിക്കുന്ന കമ്പനി അപ്പോളോ ടയേഴ്‌സ്, എംആര്‍എഫ് എന്നീ പ്രമുഖ ടയര്‍ കമ്പനികള്‍ക്കെല്ലാം കൃത്രിമ റബര്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. റബര്‍ കര്‍ഷകരെ കബളിപ്പിക്കാനാണ് ജോസ് കെ മാണി സമരം നടത്തുന്നത്. 12 ലക്ഷം റബര്‍ കര്‍ഷകരെ പട്ടിണിയിലാക്കി റബര്‍ വില 94 രൂപയായി കുറഞ്ഞിട്ടും ടയര്‍ വില കുറയാത്തതിനു പിന്നില്‍ തട്ടിപ്പാണ്. ജോസ് കെ മാണിയുടെ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനെത്തുന്നവരെല്ലാം അതിന്റെ വീതം പറ്റുന്നവരാണ്. സഭാ നേതൃത്വത്തെ പോലും കബളിപ്പിക്കുകയാണ്. കട്ടിട്ടും കള്ളന്‍ മുന്നോട്ട് എന്ന നിലപാടിലാണ് മാണിയും കൂട്ടരുമെന്നും പി സി ജോര്‍ജ് പരിഹസിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it