കെ എം മാണിയുടെ പ്രവര്‍ത്തനം സുതാര്യമായിരുന്നില്ല: ആന്റണി രാജു

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാര്‍കോഴ ആരോപണങ്ങള്‍ സംബന്ധിച്ച് മലക്കം മറിഞ്ഞ് ആന്റണി രാജു. മാണിക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി സജീവമായി പങ്കെടുത്തയാളാണ് ആന്റണി രാജു.
എന്നാല്‍, മാണി കോഴ വാങ്ങിയില്ലെന്ന് താനൊരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും നിയമപരമായി അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ കഴിയില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചശേഷം ആന്റണി രാജു പറഞ്ഞു.
മന്ത്രിയെന്ന നിലയില്‍ കെ എം മാണിയുടെ പ്രവര്‍ത്തനം സുതാര്യമായിരുന്നില്ല. ബാര്‍ കോഴ ആരോപണങ്ങളെ നേരിടാന്‍ പാര്‍ട്ടിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. പാര്‍ട്ടി നേതൃത്വം സംഘടിത ആരോപണങ്ങള്‍ക്ക് വിധേയമായപ്പോള്‍ ചെറുത്തു തോല്‍പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്രീയബാധ്യത കണക്കിലെടുത്താണ്. ആരോപണത്തിന്റെ പേരില്‍ പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികളുമായി സന്ധി ചെയ്യേണ്ടിവന്നു.
ബാര്‍ കോഴക്കേസിലുണ്ടായ കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പി ജെ ജോസഫിനെക്കൂടി അധികാരഭ്രഷ്ടനാക്കാന്‍ മാണിയും ജോസ് കെ മാണിയും ചേര്‍ന്ന് ശ്രമിച്ചതെന്തിനാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാഷിസ്റ്റ് ശക്തികളോട് മാണി മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ബിജെപിയുടെ ഘടകകക്ഷിയാക്കി കേരള കോണ്‍ഗ്രസ്സിനെ മാറ്റാനും അതുവഴി ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രി പദം നല്‍കാനുമാണ് മാണിയുടെ ശ്രമം.
അമിത് ഷായുമായി നടത്തിയ രഹസ്യ ചര്‍ച്ച ഇതിനു തെളിവാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം വിട്ട് മാണി ബിജെപിക്ക് ഒപ്പം ചേരും. അതോടെ കേരളാ കോണ്‍ഗ്രസ് ശിഥിലമാവുമെന്നും ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it