palakkad local

കെ എം മാണിക്കെതിരേ ഒളിയമ്പുമായി കെ ശങ്കരനാരായണന്‍

ആലത്തൂര്‍: കെഎം മാണിക്കെതിരെ ഒളിയമ്പുമായി മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ രംഗത്ത്. ആര്‍ ശങ്കറെ പോലെയുള്ള നേതാക്കള്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ രാജി വെച്ചിരുന്നുവെന്നും എന്നാല്‍ ഇന്നുള്ള പലരും കടിച്ചു തൂങ്ങി നില്‍ക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരില്‍ കെപി കേശവമേനോന്‍ 37ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും കെപി കേശവമേനോന്‍ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രയോര്‍ട്ടിയാണ് ആര്‍ ശങ്കറെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
ഇന്ന് കൊടുക്കേണ്ട സാധനം ഇന്നലെ തന്നെ കൊടുത്തതാണ് അദ്ദേഹത്തിന് വിനയായതെന്നും ശങ്കരനാരായണന്‍ പറഞ്ഞു. കെപി കേശവമേനോനെ പോലെയുള്ളവരുടെ ജീവിതം ഇന്നത്തെ തലമുറ പഠന വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ കെപി കേശവമേനോന്‍ പുരസ്‌കാരം സാഹിത്യകാരന്‍ പ്രഫ. എംകെ സാനു മാസ്റ്റര്‍ ശങ്കരനാരായണനില്‍ നിന്നും ഏറ്റുവാങ്ങി. ജൂറി ചെയര്‍മാന്‍ മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. എംകെ സാനു മാസ്റ്ററുടെ നിരൂപണത്തെക്കുറിച്ച് ഡോ. പി മുരളി പ്രബന്ധം അവതരിപ്പിച്ചു. എന്‍ ശ്രീനിവാസന്‍, ജൂറി അംഗം വികെ ഭാമ, ട്രസ്റ്റ് ചെയര്‍മാന്‍ ടികെ ദാമോദരന്‍ കുട്ടി, ടികെ വിശ്വനാധന്‍, കെ കൃഷ്ണന്‍, കെജി രാജേഷ്, ഇപി ചിന്നക്കുട്ടന്‍ സംസാരിച്ചു. കുമാരി ടി അര്‍ച്ചനയുടെ അഷ്ടപദി യോടെയാണ് ചടങ്ങ് ആരംഭിച്ചത്.
Next Story

RELATED STORIES

Share it