കെല്ലിന് കര്‍ണാടകയില്‍നിന്ന് 64 കോടിയുടെ ട്രാന്‍സ്‌ഫോമര്‍ നിര്‍മാണ കരാര്‍



ടോമി മാത്യു

കൊച്ചി: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെല്‍)ക്ക് കര്‍ണാടക സര്‍ക്കാരില്‍നിന്നു 64 കോടിയുടെ ട്രാന്‍സ്‌ഫോമര്‍ നിര്‍മാണ കരാര്‍. കര്‍ണാടകയിലെ പൊതുമേഖലാ സ്ഥാപനമായ ബ്ലാംഗ്ലൂര്‍ ഇലക്ട്രിക് സപ്ലൈ കമ്പനിയാണ് കെല്ലിന് കരാര്‍ നല്‍കിയിരിക്കുന്നത്.
25 കെവിഎ, 63 കെവിഎ ഇനങ്ങളില്‍പ്പെട്ട ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മിക്കാനാണ് കരാര്‍. കെല്ലിന്റെ മാമലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോമര്‍ യൂനിറ്റാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. പൊതുമേഖലയെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെല്ലിന് വേണ്ട പരിഗണന നല്‍കാതെ സ്വകാര്യ കമ്പനികളുടെ പിന്നാലെ പായുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും സ്വീകരിക്കുന്നത്.
ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മിക്കുന്നതിനായി 1968ലാണ് കെല്‍ ആരംഭിച്ചത്. തുടക്ക കാലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറുകള്‍ മുഴുവന്‍ കെല്‍ ആണ് നിര്‍മിച്ചിരുന്നത്. കെല്ലിന് നിര്‍മിക്കാന്‍ പറ്റുന്നതിലധികം ഓര്‍ഡര്‍ വരുമ്പോള്‍ മാത്രമാണ് പുറത്ത് നല്‍കിയിരുന്നത്. എന്നാല്‍, സ്വകാര്യ മേഖലയിലും ട്രാന്‍സ്‌ഫോമര്‍ നിര്‍മാണ കമ്പനികള്‍ എത്തിയതോടെ സര്‍ക്കാര്‍ ക്രമേണ കെല്ലിനെ തഴഞ്ഞ് ഇവര്‍ക്ക് കരാര്‍ നല്‍കി തുടങ്ങി. ഗുണനിലവാരത്തെക്കാള്‍ ഉപരി വിലക്കുറവ് നോക്കിയാണ് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത്. എന്നാല്‍, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കെല്‍ തയ്യാറാവാതെ വന്നതോടെ സ്വകാര്യ കമ്പനികളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മിക്കാന്‍ ഇവര്‍ക്കായില്ല.
ഇതോടെ കെഎസ്ഇബിയില്‍നിന്നു കെല്ലിന് ലഭിച്ചുകൊണ്ടിരുന്ന കരാറുകളില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും സ്ഥാപനത്തിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാവുകയും ചെയ്തു.ഇതിനിടയിലാണ് ജീവവായുപോലെ കെല്ലിന് കര്‍ണാടക സര്‍ക്കാരില്‍നിന്നു കരാര്‍ ലഭിക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തിനു മാത്രമേ ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കൂവെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷമായി കര്‍ണാടക സര്‍ക്കാരില്‍നിന്നു കെല്ലിന് ട്രാന്‍സ്‌ഫോമര്‍ കരാര്‍ ലഭിച്ചിരുന്നു. കെല്‍ ട്രാന്‍സ്‌ഫോമറുകളുടെ ഗുണനിലവാരം ബോധ്യപ്പെട്ടതോടെയാണ് ടെന്‍ഡര്‍ പോലുമില്ലാതെ ഇപ്പോള്‍ 64 കോടിയുടെ നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയവര്‍ക്ക് 70 ശതമാനം ഓര്‍ഡറും ബാക്കി 30 ശതമാനം ഓര്‍ഡര്‍ മറ്റുള്ളവര്‍ക്കും നല്‍കുകയെന്നതാണ് കെഎസ്ഇബിയുടെ നിലപാട്.
Next Story

RELATED STORIES

Share it