ernakulam local

കെബിപിഎസ് പ്ലാന്റിലെ വെള്ളം: പാഠപുസ്തക അച്ചടിയെ ബാധിക്കില്ലെന്ന്

കാക്കനാട്: തൃക്കാക്കര കെബിപിഎസില്‍ പ്ലാന്റില്‍ വെള്ളംകയറിയുണ്ടായ നഷ്ടങ്ങള്‍ പാഠപുസ്തക അച്ചടിയെ ബാധിക്കില്ലെന്ന് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഇത്തവണത്തെ പാഠപുസ്തകവിതരണം 85 ശതമാനവും പൂര്‍ത്തിയായി.
വോളിയം ഒന്നിലെ അച്ചടി പൂര്‍ത്തീകരണം രണ്ടുദിവസത്തിനകം കഴിയും. ഐസിടിയുടെ ഒന്‍പത്, പത്ത് ക്ലാസുകളിലെ പുസ്തകം അപ്രുവല്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ അതിന്റെ അച്ചടിയും പൂര്‍ത്തീകരിക്കും. ഓരോ ദിവസവും പത്തുലോഡ് വീതം പുസ്തകം കയറ്റിപ്പോവുന്നുണ്ട്. അടുത്തയാഴ്ചയോടെ വിതരണം പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്ലാന്റില്‍ മഴവെള്ളം കയറിയുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടില്ല. ഏകദേശം 60 ലക്ഷത്തോളം വരും. 194 റീല്‍ പേപ്പര്‍ ഭാഗികമായി ഉപയോഗയോഗ്യമല്ലാതായിട്ടുണ്ട്. കൂടാതെ പുസ്തകങ്ങളുടെ കവര്‍ പേജിനുള്ള പന്ത്രണ്ട് ബണ്ടില്‍ പേപ്പറും വെള്ളംകയറി നശിച്ചിട്ടുണ്ട്.
പേപ്പര്‍ റീലുകള്‍ അട്ടിയിട്ട് വച്ചിട്ടുള്ളതിനാല്‍ അട്ടികളുടെ അടിയിലുള്ളവയാണ് വെള്ളംകയറി കേടുവന്നിട്ടുള്ളത്. അട്ടികള്‍ മാറ്റിവയ്ക്കുക എന്നത് ഭാരിച്ച ജോലിയാണ്. എന്നാലും നഷ്ടം എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്തണമെങ്കില്‍ അട്ടി മാറ്റിവയ്‌ക്കേണ്ടിവരും. അതിനുള്ള ശ്രമത്തിലാണ് ജീവനക്കാരും മാനേജ്‌മെന്റും. കെബിപിഎസ് കെട്ടിടത്തിന്റെ മേല്‍ക്കൂര അധികവും ആസ്ബസ്റ്റോസ് ഷീറ്റാണ്. പഴയ സംവിധാനമാണുള്ളത്.
മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് വഴി ഒഴുകുന്ന മഴവെള്ളം പ്ലാന്റിനുള്ളിലൂടെയുള്ള ഡ്രൈനേജ് വഴിയാണ് പുറത്തേക്കു പോകുന്നത്. ഈ കാനയില്‍ തടസ്സമുണ്ടായതാണ് വെള്ളം പ്ലാന്റിലും ഗോഡൗണിലും കൂടി ഒഴുകുവാന്‍ ഇടയായത്. കെബിപിഎസ് സ്വന്തം പണം നല്‍കി വാങ്ങിയ പേപ്പര്‍ റീലുകളാണ് ഭാഗികമായി നശിച്ചത്. സാധാരണ സ്റ്റേഷനറി വകുപ്പാണ് പേപര്‍ നല്‍കിയിരുന്നത്. ഇത്തവണ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കെബിപിഎസ് നേരിട്ടുവാങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it