കെപിസിസി യോഗം: വനിതകളെ വിറകുവെട്ടികളും വെള്ളംകോരികളുമായി കാണുന്നു; ഷാനിമോളും ബിന്ദു കൃഷ്ണയും ഇറങ്ങിപ്പോയി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരേ മഹിളാകോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. തോല്‍വി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും കെപിസിസി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
വനിതകളെ വിറകുവെട്ടികളും വെള്ളംകോരികളുമായി മാത്രം കാണുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് ഇരുവരും ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും കെപിസിസി യോഗത്തില്‍ അവസരമില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കുകയും കോലം കത്തിക്കുകയും ചെയ്തതിനെക്കുറിച്ച് ഡിസിസി യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞിരുന്നു. ശൂരനാട് രാജശേഖരന്റെ തോല്‍വിയെ തുടര്‍ന്ന് ബിന്ദു കൃഷ്ണക്കെതിരെ കോലം കത്തിക്കല്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് കോ ണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗം വിമര്‍ശനങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാവുമെന്ന് കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് കൂടുതല്‍ തര്‍ക്കിച്ച് പാര്‍ട്ടിഐക്യം ദുര്‍ബലപ്പെടുത്തേണ്ടെന്ന പൊതുധാരണയാണ് ഉണ്ടായത്. യോഗത്തിനു മുന്നോടിയായി വി എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേകയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.
തോല്‍വിയുടെ കാര്യത്തില്‍ ഇന്നലെതന്നെ ചര്‍ച്ചകള്‍ വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച വേണമെന്ന ചെന്നിത്തലയുടെ അഭിപ്രായം നിര്‍വാഹകസമിതി അംഗീകരിക്കുകയായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തി ല്‍ യുഡിഎഫ് യോഗം ഇന്നുചേരും. വൈകീട്ട് നാലിന് ഇന്ദിരാഭവനിലാണ് യോഗം. തിരഞ്ഞെടുപ്പ് അവലോകനമാവും മുഖ്യ അജന്‍ഡ. കോണ്‍ഗ്രസ്, മുസ്‌ലീംലീഗ്, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടികള്‍ക്കു മാത്രമാണ് ഇത്തവണ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനായത്. ആര്‍എസ്പിയും ജെഡിയുവും സിഎംപിയും മല്‍സരിച്ച സീറ്റുകളിലെല്ലാം ദയനീയമായി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിലെ തമ്മിലടിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളുമാണ് യുഡിഎഫ് പതനത്തിന് കാരണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന യോഗം കടുത്ത വിമര്‍ശനങ്ങള്‍ക്കു വേദിയാവും.
Next Story

RELATED STORIES

Share it