Districts

കെപിസിസി നിര്‍ദേശം പ്രാദേശിക നേതൃത്വം തള്ളി

കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ചാണു പ്രാദേശികതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തത്. സതീശന്റെ ശുപാര്‍ശ പട്ടികയിലെ പ്രധാന നിര്‍ദേശങ്ങള്‍ പോലും പരിഗണിക്കപ്പെട്ടില്ല. വനിതാ സംവരണ വാര്‍ഡുകളില്‍ നേതാക്കളുടെ ഭാര്യമാരെ മല്‍സരിപ്പിക്കുന്ന പതിവ് ഒഴിവാക്കുക, യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്‍ഗണന നല്‍കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് തുടങ്ങി മലബാര്‍ ജില്ലകളിലൊരിടത്തും യുവാക്കള്‍ക്ക് 10 ശതമാനത്തിലധികം സീറ്റ് നല്‍കിയില്ലെന്നതാണ് യാഥാര്‍ഥ്യം. മലപ്പുറത്ത് ലീഗുമായുള്ള തര്‍ക്കം കാരണം മിക്ക സീറ്റുകളിലും ഒന്നിലധികം സ്ഥാനാര്‍ഥികളാണ് യുഡിഎഫിനായി മല്‍സരിക്കാനിറങ്ങുന്നത്. തൃശൂരിലെ ഗ്രൂപ്പ് പോരില്‍ കാലിടറിയ സ്ഥാനാര്‍ഥി നിര്‍ണയം മുഖ്യമന്ത്രി ഇടപെട്ടാണു പരിഹരിച്ചത്. കോണ്‍ഗ്രസ്സിനായി മല്‍സരിക്കാനിറങ്ങുന്ന മിക്ക വനിതാ സ്ഥാനാര്‍ഥികളും പ്രാദേശിക കോണ്‍ഗ്രസ്സുകാരുടെ കുടുംബത്തില്‍ നിന്നാണെന്ന ആരോപണങ്ങളും ശക്തമാണ്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ ശുപാര്‍ശകളുമായി വന്നവരും കുറവായിരുന്നില്ല. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്കു കഴിയാതെ വന്നത് ഇക്കാരണങ്ങള്‍ക്കൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it