Kerala

കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം; നേതൃത്വം മാറണം

കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം; നേതൃത്വം മാറണം
X
antony-chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി എന്നിവര്‍ക്കെതിരേയാണ് വിമര്‍ശനമുയര്‍ന്നത്.
വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന ആമുഖപ്രസംഗത്തിലെ സുധീരന്റെ അഭ്യര്‍ഥന തള്ളിയായിരുന്നു പലരുടെയും അഭിപ്രായപ്രകടനം. സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് വൈസ് പ്രസിഡന്റുമാരായ വി ഡി സതീശനും എം എം ഹസനും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വരണമെന്നായിരുന്നു സതീശന്റെ അഭിപ്രായം.
പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നേതൃത്വത്തിനാണ്. സുധീരന്റെ നിലപാടുകളാണ് കനത്ത തിരിച്ചടിയുണ്ടാവാന്‍ കാരണം. പാര്‍ട്ടി-ഭരണ നേതൃത്വങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. നേതൃത്വത്തിന് മതേതര മുഖമില്ല. തിരഞ്ഞെടുപ്പിലെ മതേതര നിലപാടിന് ഒട്ടും ആത്മാര്‍ഥതയില്ലായിരുന്നു. അഴിമതിക്കാരാണെന്ന പേരാണ് പൊതുസമൂഹത്തിലുള്ളതെന്നും സതീശന്‍ തുറന്നടിച്ചു. യുഡിഎഫിന്റെ മദ്യനയം പാളിപ്പോയി. സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ഇറക്കിയ വിവാദ ഉത്തരവുകളാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയത്. തിരഞ്ഞെടുപ്പിന് സംഘടനാപരമായ മുന്നൊരുക്കമുണ്ടായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം. തന്റെ സ്ഥാനം വച്ചൊഴിയണമെങ്കില്‍ അതിനും തയ്യാറാണ്. താന്‍ പറഞ്ഞത് വി എം സുധീരനെ ഉദ്ദേശിച്ചാണെന്നു തോന്നുന്നുണ്ടെങ്കില്‍ അതു തിരുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശം വാക്കുകളില്‍ മാത്രമായിരുന്നു. പ്രവൃത്തികളിലുണ്ടായിരുന്നില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിപോലും പാഠമാക്കിയില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷപദവിക്കു ചേരുന്ന രീതിയിലല്ല സുധീരന്റെ പ്രവര്‍ത്തനമെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു. ബെന്നി ബഹനാനും സുധീരനെതിരേ ആഞ്ഞടിച്ചു. എ കെ ആന്റണിക്കും ഹൈക്കമാന്‍ഡിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത കേന്ദ്ര നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും ആന്റണി മൗനംപാലിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.
വേണ്ടത്ര ഇടപെടല്‍ ആന്റണിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. പാര്‍ട്ടിയെ തിരുത്തേണ്ട ബാധ്യതയുണ്ടെന്നിരിക്കെ അദ്ദേഹം മൗനംപാലിക്കുന്നത് ഖേദകരമാണെന്നും അഭിപ്രായമുയര്‍ന്നു. നെയ്യാര്‍ ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് രണ്ടുദിവസം നീളുന്ന വിശാല എക്‌സിക്യൂട്ടീവ് യോഗം.
Next Story

RELATED STORIES

Share it