കെപിസിസി അവലോകനം ഇന്നുപൂര്‍ത്തിയാവും; വെള്ളാപ്പള്ളിക്കെതിരേ കടുത്ത നിലപാടു വേണമെന്ന്

തിരുവനന്തപുരം: ബിജെപിയുടെ പിന്തുണയോടെ സമത്വ മുന്നേറ്റയാത്ര ആരംഭിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യം യുഡിഎഫില്‍ ശക്തമാവുന്നു.
യുഡിഎഫ് യോഗം ഇന്നു വൈകീട്ട് അഞ്ചിന് ക്ലിഫ്ഹൗസില്‍ ചേരാനിരിക്കെ വെള്ളാപ്പള്ളിക്കെതിരായ പ്രചാരണം ശക്തമാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഉന്നയിക്കുന്നത്. വെള്ളാപ്പള്ളിയോടുള്ള മൃദുസമീപനം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് വെള്ളാപ്പള്ളിയെ ശക്തമായി വിമര്‍ശിച്ചു രംഗത്തെത്തിയത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ എന്നിവര്‍ സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. വെള്ളാപ്പള്ളിക്കെതിരേ ശക്തമായ പ്രചാരണം വേണമെന്ന ആവശ്യമാണ് മുസ്‌ലിംലീഗും മുന്നോട്ടുവയ്ക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേരിട്ട പരാജയവും ബാര്‍കോഴയും യോഗത്തി ല്‍ ചര്‍ച്ചയാവും. കെ എം മാണിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേനയായ കെ ബാബുവിനെതിരേ കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ നിലപാടു കടുപ്പിക്കും.
മാണിക്കെതിരേ വാളെടുത്തവര്‍ കെ ബാബുവിനെ സംരക്ഷിക്കുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയിലും ഘടകകക്ഷികളിലും ഉടലെടുത്ത ആഭ്യന്തരപ്രശ്‌നങ്ങളും ചര്‍ച്ചയ്ക്കു വിധേയമാവും.
അതേസമയം, തിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ഓരോ ജില്ലയിലും കെപിസിസി നിയോഗിച്ച സമിതികളുടെ റിപോര്‍ട്ടിലുള്ള അവലോകനം ഇന്നു പൂര്‍ത്തിയാവും.
പരാജയം നേരിട്ട ജില്ലകളില്‍ മന്ത്രിമാരും കെപിസിസി ഭാരവാഹികളും സിപിഎമ്മുമായും ബിജെപിയുമായും ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റി വിജയസാധ്യത ഇല്ലാതാക്കിയെന്നുമാണ് സമിതി മുമ്പാകെ പരാതിക്കാരായവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പല ജില്ലയിലും സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാവും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന സംഘമാണ് പ്രാഥമിക റിപോര്‍ട്ട് വിലയിരുത്തുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നത് കെപിസിസി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
ജനുവരിയില്‍ വി എം സുധീരന്‍ ആരംഭിക്കുന്ന കേരളയാത്രയ്ക്കു മുമ്പ് അഴിച്ചുപണി നടത്താനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവും പാളിയെന്ന് സമിതിയുടെ റിപോര്‍ട്ടില്‍ പറയുന്നു. കൊല്ലത്ത് സീറ്റുവിഭജനം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഡിസിസികള്‍ക്ക് ഗുരുതരമായ വീഴ്ച പറ്റി. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചത്.
കോഴിക്കോട് ഡിസിസിയും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി പരാജയപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെപിസിസി മാനദണ്ഡങ്ങളും അട്ടിമറിച്ചു. വയനാട്, കണ്ണൂര്‍ ഡിസിസികള്‍ക്കെതിരേയും റിപോര്‍ട്ടില്‍ കടുത്ത പരാമര്‍ശമുണ്ട്.
Next Story

RELATED STORIES

Share it