കെപിഎസി ലളിത പിന്മാറി

തൃശൂര്‍: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ച ചലച്ചിത്രനടി കെപിഎസി ലളിത പിന്മാറി. ആരോഗ്യപ്രശ്‌നങ്ങളും സിനിമയിലെ തിരക്കുകളും മൂലം പിന്മാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലളിത അറിയിച്ചു.
ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ വടക്കാഞ്ചേരി മണ്ഡലത്തില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കൂടാതെ പരസ്യപ്രകടനവും നടന്നു. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ട ശേഷവും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കെപിഎസി ലളിത പിന്മാറാന്‍ തീരുമാനിച്ചതെന്നാണു സൂചന.
എന്നാല്‍, പ്രതിഷേധം ഭയന്നല്ല പിന്മാറ്റമെന്നും പാര്‍ട്ടിയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ലളിത വ്യക്തമാക്കി. ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും അവരെപ്പോലുള്ളവര്‍ മികവു പുലര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും പിബി അംഗം പിണറായി വിജയന്‍ ഇന്നലെ രാവിലെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിന്മാറാനുള്ള തീരുമാനം ലളിത അറിയിച്ചത്.
നടിയോട് അഭിപ്രായം ആരാഞ്ഞശേഷമാണു സ്ഥാനാര്‍ഥിയാക്കുന്ന കാര്യം നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആലോചിച്ച ശേഷമാണ് പിന്മാറാന്‍ തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ നിര്‍ത്തണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it