കെന്‍ - ബെത്വ പദ്ധതി വൈകുന്നു നിരാഹാര ഭീഷണിയുമായി ഉമാഭാരതി

ന്യൂഡല്‍ഹി: കെന്‍-ബെത്വ നദീ സംയോജന പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് കാലതാമസം വരുന്നതു ചില സ്വതന്ത്ര പരിസ്ഥിതിവാദികളുടെ ഇടപെടല്‍ മൂലമാണെന്നു കേന്ദ്രമന്ത്രി ഉമാഭാരതി. പദ്ധതി ഇനിയും നീളുന്നുവെങ്കില്‍ താന്‍ നിരാഹാര സമരം അനുഷ്ഠിക്കുമെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ കെന്‍, ഉത്തര്‍പ്രദേശിലെ ബെത്വ എന്നീ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി തുടങ്ങാനായില്ല. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഡല്‍ഹിയിലെ എയര്‍കണ്ടീഷന്‍ ചേംബറുകളില്‍ ഇരിക്കുന്നവരാണെന്നു മന്ത്രി പറഞ്ഞു.
70 ലക്ഷം ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണു മുടക്കുന്നത്. ഇതു ദേശീയ കുറ്റകൃത്യമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായോ വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായോ ഭിന്നതയില്ല. എന്നാല്‍, മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതിയിലെ സ്വകാര്യ പരിസ്ഥിതിവാദികളോട് എതിര്‍പ്പുണ്ട്. അവര്‍ പറഞ്ഞു. പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയാണ് കെന്‍-ബെത്വ പദ്ധതി പരിശോധിക്കുന്നത്. കെന്‍-ബത്വ പദ്ധതി നടപ്പായാല്‍ അതു കടുവാ സങ്കേതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പരിസ്ഥിതിവാദികള്‍ പറയുന്നത്. പദ്ധതിയുടെ പരിധിയിലാണു പന്ന കടുവ സങ്കേതം.
Next Story

RELATED STORIES

Share it