കെനിയന്‍ ദേശീയോദ്യാനത്തില്‍ നിന്നു സിംഹങ്ങള്‍ രക്ഷപ്പെട്ടു

നയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ ദേശീയോദ്യാനത്തില്‍നിന്നു നാലു സിംഹങ്ങള്‍ രക്ഷപ്പെട്ടതായി വന്യജീവി വകുപ്പ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചയോടെ സിംഹങ്ങളെ നഗരത്തിലെ പ്രധാനറോഡുകളിലും മറ്റും കാണപ്പെട്ടു. മേഖലയിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സിംഹങ്ങളെ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ സൗജന്യ ടെലിഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിംഹങ്ങളുമായി മല്‍പ്പിടിത്തത്തിന് നില്‍ക്കരുതെന്നും ജനങ്ങള്‍ സിംഹങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ആണ്‍സിംഹവും മൂന്നു പെണ്‍സിംഹങ്ങളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം, സിംഹങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യാനപാലകര്‍ അറിയിച്ചു. ആറു സിംഹങ്ങളെ കാണാതായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ലങ്കാത്ത നഗരത്തിലെ ആശുപത്രി പരിസരത്തുനിന്നാണ് ആദ്യം സിംഹത്തെ ശ്രദ്ധയില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it