wayanad local

കെണിയൊരുക്കി വനംവകുപ്പ്; 'കാടു കടത്തിയത്' വാനരപ്പടയെ

കല്‍പ്പറ്റ: കല്‍പ്പറ്റയിലും പരിസര പ്രദേശത്തും കുരങ്ങുശല്യം പരിഹരിക്കുന്നതിന് നടപടി തുടങ്ങി. കെണി വെച്ച് പിടികൂടി കുരങ്ങുകളെ വനത്തില്‍ വിടുന്നതാണ് പദ്ധതി. രണ്ടു ദിവസങ്ങളിലായി 34 ഓളം കുരങ്ങുകളാണ് കെണിയിലായത്. ജില്ലയുടെ വനാതിര്‍ത്തി ഭാഗങ്ങളില്‍ ഭീതി പരത്തുന്നത് കടുവയും പുലിയുമാണെങ്കില്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലും പരിസരപ്രദേശങ്ങളിലും വാനരപ്പടയാണ് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്.
കുരങ്ങുകള്‍ തങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്നുവെന്ന പരാതി മുന്‍പ് കോടിതിയിലും എത്തിയിരുന്നു. കുരങ്ങുകളെ പിടികൂടി കാട് കടത്തണമെന്ന് കല്‍പ്പറ്റ മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് നേരത്തെ, കൂടുകള്‍ സ്ഥാപിച്ച് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍, പ്രദേശവാസികളുടെ അഭ്യര്‍ഥന മാനിച്ച് കല്‍പ്പറ്റ എമിലിയില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൂടില്‍ ഇതിനകം 25 ഓളം കുരങ്ങുകള്‍ അകപ്പെട്ടു കഴിഞ്ഞു. ഗ്രീന്‍വാലി റസിഡന്‍ഷ്യല്‍ കോളനിയിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
വിഷരഹിത പച്ചക്കറി, അടുക്കള തോട്ടം തുടങ്ങിയവയെ കുറിച്ച് വായിച്ചും കേട്ടും നിര്‍വൃതിയടയുകയേ തങ്ങള്‍ക്ക് രക്ഷയുള്ളൂവെന്ന് വീട്ടമ്മയായ അംബുജാക്ഷി പറഞ്ഞു. വിഷരഹിത പച്ചക്കറി പോയിട്ട് ചിലപ്പോള്‍ അടുക്കളയില്‍ വേവിച്ച് വെച്ച പച്ചക്കറി പോലും വാനരപ്പട ബാക്കി വെക്കാറില്ല.
കൂടുവെച്ച് പിടികൂടിയ കുരങ്ങുകളെ മുത്തങ്ങ വനത്തില്‍ കൊണ്ടു പോയി വിടുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശമായിട്ടും പോലും കല്‍പ്പറ്റ ടൗണില്‍ നിന്നും ഏറെ അടുത്ത പ്രദേശമായ ഇവിടെ നൂറുകണക്കിന് കുരങ്ങുകളാണ് തമ്പടിച്ചിരിക്കുന്നത്. പിടികൂടി വനത്തില്‍ വിടുന്നത് ശാശ്വത പരിഹാരമല്ലെങ്കിലും അത്രയെങ്കിലും ആശ്വാസമാവുമല്ലോ എന്നാണ് പ്രദേശവാസികളുടെ പക്ഷം.
Next Story

RELATED STORIES

Share it