കെട്ടിവയ്ക്കാനുള്ള തുക: സിഎച്ച് തൊപ്പിയൂരി പിരിവെടുത്ത നാള്‍

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള കാശിനായി സി എച്ച് മുഹമ്മദ് കോയ തൊപ്പി ഊരി പിരിവെടുത്ത ഓര്‍മകളുമായി മൂന്ന് പതിറ്റാണ്ടിലേറെ എംഎല്‍എയായ സി ടി അഹമ്മദലി. കാസര്‍കോട് നഗരത്തിലെ പലചരക്ക് കട ഉടമയായിരുന്ന സിടി 1979ല്‍ ടി എ ഇബ്രാഹിമിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരത്തിനിറങ്ങി. തായലങ്ങാടി മദ്‌റസയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെത്തിയ സി എച്ച് മുഹമ്മദ് കോയ തന്റെ തലയിലുണ്ടായിരുന്ന തൊപ്പിയൂരി ജാമ്യസംഖ്യ സ്വരൂപിച്ച ഓര്‍മകള്‍ നാട്ടുകാരുടെ സിവിച്ച അയവിറക്കുന്നു.
ആദ്യ തിരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ ബി എം അബ്ദുര്‍റഹ്മാനോട് പരാജയപ്പെട്ടു. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി എം അബ്ദുര്‍റഹ്മാനെ പരാജയപ്പെടുത്തി സി ടി നിയമസഭയിലെത്തി. 2011 വരെ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നീണ്ട 31 വര്‍ഷത്തിനിടയില്‍ 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായി. തുടര്‍ന്ന് വന്ന ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ-പൊതുമരാമത്ത് മന്ത്രിയായി. കാസര്‍കോട് ജില്ല രൂപീകരണത്തിന് മുന്നില്‍ നിന്നതാണ് സിടിയുടെ മുഖ്യനേട്ടം. അഴിമതിയുടെ കറപുരളാതെ നീണ്ട മൂന്ന് പതിറ്റാണ്ടിലേറെ നിയമസഭാംഗമായ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് സിടി. ചെമനാട്ടെ സി ടി അബ്ദുല്ല-ഉമ്മാലി ദമ്പതികളുടെ മകനായി 1945 മെയ് അഞ്ചിന് ജനിച്ച സിടി എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നു.
ദീര്‍ഘകാലം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ അഖിലേന്ത്യാ ലീഗും ഐഎന്‍എല്ലുമായിരുന്നു എതിരാളികള്‍. 2006 മുതല്‍ 2011 വരെ മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും പ്രവര്‍ത്തിച്ചു. 2006ല്‍ ലീഗിന് നേരിട്ട ശക്തമായ തിരിച്ചടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി അടക്കം പരാജയപ്പെട്ടപ്പോഴാണ് സിടി നിയമസഭാ പാര്‍ട്ടി ലീഡറായത്.
കഴിഞ്ഞ തവണ ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ച് എന്‍ എ നെല്ലിക്കുന്നിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പേയ്‌മെന്റ് സീറ്റ് വിവാദവും ലീഗില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിടി തന്നെ ചുക്കാന്‍ പിടിച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ടൗണ്‍ എസ്ടിയു പ്രസിഡന്റും ആണ്. സിഡ്‌കോ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ഭാര്യയെയോ മക്കളെയോ പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ സിടി താല്‍പര്യപ്പെട്ടിരുന്നില്ല. കാസര്‍കോടിന്റെ സമസ്ത മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സിടി ഇപ്പോഴും തന്റെ ഇമേജ് കാത്തുസൂക്ഷിക്കുകയാണ്.
Next Story

RELATED STORIES

Share it