kozhikode local

കെട്ടിടം തുരന്നു തിന്നുന്ന ആഫ്രിക്കന്‍ ഒച്ച് ഭീതി പരത്തുന്നു

മുക്കം: കെട്ടിടം തുരന്ന് തിന്നുന്ന ആഫ്രിക്കന്‍ ഒച്ച് കാരശേരി പഞ്ചായത്തിലെ പാലായില്‍, തടാപ്പറമ്പ് പ്രദേശങ്ങളിലെ ജനങ്ങളില്‍ ഭീതി പരത്തുന്നു. ഒരു ഒച്ചില്‍നിന്ന് അഞ്ഞൂറോളം കുഞ്ഞുങ്ങള്‍ പിറന്ന് പെരുകുന്ന ഇനമാണ് വിനാശകാരിയായ ഇവ.
കെട്ടിടങ്ങള്‍ക്കും മനുഷ്യനും ഒരേ പോലെ ഭീഷണിയാണ് ആഫ്രിക്കന്‍ ഒച്ച്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തിയിലെ കുമ്മായം ഇവയുടെ പ്രധാന ആഹാരമാണ്. പുറംതോടിന്റെ വളര്‍ച്ചക്ക് വേണ്ടിയാണ് കുമ്മായം തിന്നുന്നത്.കൂട്ടത്തോടെ കെട്ടിടത്തിന്റെ ഭിത്തി കാര്‍ന്നുതിന്നാല്‍ കെട്ടിടം ബലക്ഷയമുണ്ടായി ഇടിഞ്ഞു വീഴാന്‍ വരെ സാധ്യതയുണ്ട്. ഒച്ചിന്റെ ശരീരത്തില്‍ നിന്നും പകരുന്ന വൈറസ് കൊച്ചു കുട്ടികളുടെ തലച്ചോറില്‍ കടന്നാല്‍ അപകടകരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഉപ്പ്, പുകയിലക്കഷായം എന്നിവ കൊണ്ട് ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാം.
പുകയിലക്കഷായമാണ് കൂടുതല്‍ ഫലപ്രദം. ഉപ്പ് ഉപയോഗിച്ചു കൊന്നാല്‍ ബാക്ടീരിയ നശിക്കില്ല. കാബേജ്, പപ്പായയില എന്നിവ ഇവയുടെ ഇഷ്ടാഹാരമാണ്. അതു കൊണ്ടു തന്നെ കാബേജോ പപ്പായ ഇലയോ ചതച്ച് കൂട്ടിയിട്ടാല്‍ പരിസരത്തുള്ള മുഴുവന്‍ ഒച്ചുകളും അവിടേക്ക് കൂടിച്ചേരും. കൂട്ടത്തോടെ നശിപ്പിക്കാന്‍ ഇത് ഉപകാരപ്പെടും. രാത്രി ആറിനും എട്ടിനും ഇടയിലാണ് ഒച്ചുകള്‍ ആഹാരം തേടി പുറത്തിറങ്ങുന്നത്. 1954ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയത്.
ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തടികള്‍, മണ്ണ്, വളം മുതലായവയിലൂടെയും അവിടെ നിന്നെത്തുന്ന വാഹനങ്ങളുടെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നുമൊക്കെയാണ് ആഫ്രിക്കന്‍ ഒച്ച് എത്തുന്നത്. ആഫ്രിക്കന്‍ ഒച്ച് എത്തിയതറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരായ സുഗന്ധന്‍, കീര്‍ത്തി എന്നിവര്‍ ഒച്ചിനെക്കണ്ട സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധപഠനത്തിനായി ഒച്ചുകളെ ശേഖരിച്ചു കൊണ്ടുപോയി. സ്ഥാപനത്തിന്റെ മേധാവി സജീവ് അടുത്ത ദിവസം എത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു.
Next Story

RELATED STORIES

Share it