Idukki local

കെടുകാര്യസ്ഥത; നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളജ്  പൂട്ടാന്‍ തീരുമാനം

നെടുങ്കണ്ടം: പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നല്‍കാത്തതിനെ തുടര്‍ന്ന് മേഖലയിലെ ഐഎച്ചആര്‍ഡി കോളജ് പൂട്ടാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ പൂട്ടാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ഏഴ് വര്‍ഷമായി ഈ സ്ഥാപനം ടൗണില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോള്‍ രണ്ടാമത്തെ വാടക കെട്ടിടത്തിലാണ. നെടുങ്കണ്ടത്തിന് അനുവദിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് രണ്ട് വര്‍ഷത്തിനകം സ്വന്തമായി സ്ഥലം വാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അഞ്ചേക്കര്‍ സ്ഥലമാണ് ആവശ്യം. ഇത് വാങ്ങി നല്‍കാന്‍ എം.എല്‍.എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായി സ്‌പോണ്‍സറിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ നടപടിയുണ്ടായില്ല. പഞ്ചായത്ത് ഭരണസമിതി ചെറിയ തുക നീക്കി വച്ചിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. ഈ തുക തികയാത്തതാണ് പഞ്ചായത്തിന്റെ ഉദാസീനതക്ക് കാരണമത്രേ.
സ്ഥാപനം പൂട്ടിയാല്‍ ഹൈറേഞ്ച് മേഖലയിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഇപ്പോള്‍ രണ്ട് കോഴ്‌സുകളാണുള്ളത്. മൂന്ന് ബാച്ചുകളിലായി 215 കുട്ടികളും ഒമ്പത് അധ്യാപകരടക്കം 15 ജീവനക്കാരുമാണുള്ളത്. കഴിഞ്ഞ വര്‍ഷവും പൂട്ടല്‍ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പഞ്ചായത്തും സ്‌പോണ്‍സറിങ് കമ്മിറ്റിയും ഇടപെട്ട് ഒരു വര്‍ഷത്തിനകം സ്ഥലം വാങ്ങി നല്‍കാമെന്ന വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സ്ഥലം വാങ്ങി നല്‍കാത്തതിനാല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്ഥാപനം പൂട്ടാന്‍ ഡിസംബര്‍ 18 ലെ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ ഐ.എച്ച്.ആര്‍.ഡി. കോളജ് പൂട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഒത്തുചേര്‍ന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി അര മണിക്കൂറോളം പൊതു സ്ഥലത്ത് ക്ലാസെടുത്തു.
സ്ഥലം ഏറ്റെടുത്ത് കോളേജ് നില നിര്‍ത്താന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 31 നകം സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്.
ഐ.എച്ച്.ആര്‍.ഡി. കോളജ് മേഖലയില്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും നടപടി സ്വീകരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ അണി നിരത്തി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് കെ.എസ്.യു. ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it