കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റടക്കം എട്ടു പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തി ല്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ എട്ടു വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ പോലിസ് വാഹനത്തി ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയി, പ്രവര്‍ത്തകരായ കെഎച്ച് ഹാരിസ്, വിനീത്, ശ്രീദേവ് സോമന്‍, സാദിഖ് അലി, വൈശാഖ് എസ് സുദര്‍ശനന്‍, ഷാനിബ് എന്നിവരെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് 12 മണിയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമെത്തിയത്. മാര്‍ച്ച് തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറി നിന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. പിന്നാലെ പ്രവര്‍ത്തകരില്‍ ചിലര്‍ പോലിസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, ചിതറിയോടിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയെ പോലിസ് തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. തലയി ല്‍നിന്നു രക്തം വാര്‍ന്നൊഴുകിയ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വൈകിയെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചത്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പിന്നീട് രണ്ടു വാഹനങ്ങളിലായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കേരള യൂനിവേഴ്‌സിറ്റിയില്‍ കഴിഞ്ഞദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യുക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് 20ന് കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it