kasaragod local

കെഎസ്ടിപി റോഡ് നിര്‍മാണം; വാഹന ഗതാഗതം ദുസ്സഹമാവുന്നു

കാഞ്ഞങ്ങാട്: ആവശ്യമായ മുന്‍കരുതലുകളൊരുക്കാതെ ചിത്താരിയില്‍ കെഎസ്ടിപി റോഡ് നിര്‍മാണത്തിന് തൊഴിലാളികള്‍ റോഡുകള്‍ കിളച്ചിട്ടത് സ്വകാര്യ വാഹനങ്ങള്‍ക്ക് വഴിയില്ലാതാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ചിത്താരി വിട്ട് കടക്കാന്‍ വാഹനങ്ങള്‍ക്ക് ദീര്‍ഘ നേരമാണ് വേണ്ടിവന്നത്. ഇത് കാരണം സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങളുടെ സമയ നിഷ്ഠ പാലിച്ചുള്ള ഓട്ടം തന്നെ അവതാളത്തിലായി.
കഴിഞ്ഞ ദിവസം ചിത്താരി പാലത്തിന് സമീപത്ത് ഒരുഭാഗം കിളച്ചിട്ട റോഡിനടുത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കുരുങ്ങിയതോടെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മീറ്ററുകളോളമുള്ള കുഴിക്ക് സമീപം ഇരു ബസ്സുകളും മുമ്പോട്ടും പിന്നാട്ടുമെടുക്കാനാവാതെ കുഴഞ്ഞപ്പോള്‍ യാത്രക്കാരും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. അതോടെയാണ് റോഡിലെ കുരുക്കുകള്‍ ഒരുവിധം ഒഴിവാക്കാനായത്. സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ക്ക് ഏറ്റവും വീതി കുറഞ്ഞ പ്രദേശമാണ് നോര്‍ത്ത് ചിത്താരി. ചിത്താരി പാലം മുതല്‍ ചാമുണ്ഡിക്കുന്ന് വരെയുള്ള ഈ പ്രദേശത്ത് പാത വീതി കൂട്ടാനാരംഭിച്ചതോടെ കാല്‍നട യാത്രക്കാര്‍ക്കാണ് വഴിയില്ലാതായത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശം കൂടിയാണിത്. റോഡിനോട് ചേര്‍ന്ന് തന്നെ ട്രാന്‍സ്‌ഫോര്‍മറുമുണ്ട്. കഴിഞ്ഞ ദിവസം നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്‌റസക്ക് സമീപത്ത് വച്ച് കാറില്‍ തട്ടി ബൈക്ക് യാത്രക്കാര്‍ കുഴിയിലേക്ക് തെറിച്ചുവീണിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Next Story

RELATED STORIES

Share it