kasaragod local

കെഎസ്ടിപി റോഡ്; കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍മാണം ജനുവരി ഒന്നു മുതല്‍ പുനരാരംഭിക്കും

കാഞ്ഞങ്ങാട്: നഗരത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച പണി ജനുവരി ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.
കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ പി ബി സുരേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമായത്. ഇതിനിടയില്‍ വിവിധ വകുപ്പുമായി ചര്‍ച്ച നടത്തി റോഡ് നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് ധാരണയായിട്ടുള്ളത്.
നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് റോഡിന് നടുവില്‍ പൂന്തോട്ടം വച്ച് പിടിപ്പിക്കും. ഇതിന്റെ സംരക്ഷണ ചുമതല നഗരസഭയ്ക്കായിരിക്കും. കാസര്‍കോട് മുതല്‍ റോഡ് നിര്‍മാണം നടന്ന രീതിയില്‍ പഴയ ടാറിങ് പൂര്‍ണമായും കിളച്ച് മാറ്റി 54 സെന്റീമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് സോളിങ് നടത്തി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരമാനം.
നഗരത്തില്‍ പൂര്‍ണമായും ഓവുചാല്‍ നിര്‍മിക്കും. റോഡിന് വേണ്ടി മുറിച്ച ഒരു മരത്തിന് പകരം രണ്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കും. രണ്ട് മാസത്തിനുള്ളില്‍ നഗരത്തിലെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. കാസര്‍കോട് നിന്നും 14 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇത് ഏത്രയും വേഗം തുറന്നുകൊടുക്കാനാണ് പദ്ധതി. ചിത്താരി പാലത്തിന്റെ നിര്‍മാണവും അടുത്ത മാസത്തോടെ പൂര്‍ത്തിയാകും.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സബ് കലക്ടര്‍ സബ് കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവരുള്‍പ്പെടെ 10 അംഗ മോണിറ്ററിങ് കമ്മിറ്റിയെ റോഡ് നിര്‍മാണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ചുമതലപ്പെടുത്തി. ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും പരാതികളെല്ലാം പരിഗണിച്ച ശേഷമാണ് ചീഫ് എന്‍ജിനീയര്‍ മറുപടി നല്‍കിയത്.
Next Story

RELATED STORIES

Share it