kannur local

കെഎസ്എസ്പിയു സമ്മേളനത്തിന് തുടക്കമായി

കണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍സ് യൂനിയന്‍(കെഎസ്എസ്പിയു) 24ാം സംസ്ഥാനസമ്മേളനത്തിന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ തുടക്കമായി. ഇന്നലെ രാവിലെ 9.30ന് സമ്മേളന നഗരയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തികൊണ്ടാണെന്ന് വിചാരിക്കരുതെന്നും യുഡിഎഫിന്റെ സഹായം കൊണ്ടാണെന്നും പി കെ ശ്രീമതി എംപി ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാകാന്‍ ഒരു കാലത്ത് തള്ളിക്കയറ്റമായിരുന്നു.
എന്നാലിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ഒരു സര്‍ക്കാറിന്റെ പ്രഥമവും പ്രധാനവുമായ കടമ പട്ടിണി മാറ്റുകയാണെന്നും ശ്രീമതി എംപി അഭിപ്രായപ്പെട്ടു. തുടര്‍ന്നു സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനനും ബിജെപി നേതാവ് പി കെ വേലായുധനും എംപിക്ക് മറുപടിയെന്നോണം പ്രസംഗം വച്ചു കാച്ചിയപ്പോള്‍ സമ്മേളന പ്രതിനിധികള്‍ അസ്വസ്ഥരായി.
തങ്ങളുടെ സമ്മേളനം രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തതാണ് ഇവരെ അസ്വസ്ഥപ്പെടുത്തിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, വി പി കൃഷ്ണപൊതുവാള്‍, എന്‍ പി പ്രേമരാജന്‍ സംസാരിച്ചു. ഇന്നു രാവിലെ 11ന് പുത്തന്‍ സാമ്പത്തിക നയങ്ങളും പെന്‍ഷനും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനം പ്രഫ. എം എം നാരായണനും ഉദ്ഘാടനം ചെയ്യും.—നാളെ വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി പങ്കെടുക്കും.——
Next Story

RELATED STORIES

Share it