കെഎസ്ഇബി സൗജന്യ ബള്‍ബ് വിതരണം ഒഴിവാക്കുന്നു

മുളവൂര്‍ സതീഷ്

ശാസ്താംകോട്ട: കെഎസ്ഇബിയുടെ ലാഭപ്രഭ സീസണ്‍-3 വീടുകളില്‍ കാര്യക്ഷമതയുള്ള വിളക്കുകള്‍(ഡിഇഎല്‍പി) പദ്ധതിപ്രകാരം ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്നു പറഞ്ഞിരുന്ന എല്‍ഇഡി ബള്‍ബുകള്‍ ലഭിക്കാന്‍ ഇടയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞാണ് സൗജന്യ ബള്‍ബ് വിതരണത്തില്‍ നിന്ന് കെഎസ്ഇബി പിന്നാക്കം പോവുന്നത്.
വൈദ്യുതി ഉപഭോഗം കൂടിയ വേനല്‍ക്കാലത്ത് വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍, സിഎഫ്എല്‍ എന്നിവയ്ക്കു പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതാണ് പദ്ധതി. ഒമ്പത് വോള്‍ട്ടുള്ള ഒരു ബള്‍ബിന് 95 രൂപ ക്രമത്തില്‍ ഒരു ഉപയോക്താവിന് രണ്ട് ബള്‍ബുകള്‍ നല്‍കും. ഇത് ഉപയോഗിച്ചാല്‍ പ്രതിമാസം ഏഴ് യൂനിറ്റ് വരെ വൈദ്യുതി ലാഭിക്കാമെന്ന് കെഎസ്ഇബി അവകാശപ്പെടുന്നു.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും ആയിരം കണക്ട് ലോഡും പ്രതിമാസം 40 യൂനിറ്റില്‍ കുറവ് ഉപഭോഗം ഉള്ളതുമായ നോണ്‍ പേയിങ് വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ക്ക് ബള്‍ബുകള്‍ സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സൗജന്യ ബള്‍ബ് വിതരണം ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പദ്ധതി വേനല്‍ക്കാലത്തെ മാത്രം ഉദ്ദേശിച്ചുള്ളതിനാല്‍ പിന്നീട് ലഭിക്കാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പു പദ്ധതി പ്രഖ്യാപിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് ബള്‍ബ് നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
സ്വകാര്യ നിര്‍മാണ കമ്പനിയുടെ ബള്‍ബുകളാണ് വിതരണം ചെയ്യുന്നത്.ഗാരന്റി സംബന്ധിച്ചും മറ്റും വ്യക്തതയില്ലാത്തതിനാല്‍ ഭൂരിപക്ഷം ഉപയോക്താക്കളും ബള്‍ബുകള്‍ വാങ്ങാന്‍ താല്‍പര്യം കാട്ടുന്നില്ല.
Next Story

RELATED STORIES

Share it