കെഎസ്ആര്‍ടിസി 600 ബസ്സുകള്‍കൂടി നിരത്തിലിറക്കും

പി പി ഷിയാസ്തിരുവനന്തപുരം: പുതുതായി 600 കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടി ഉടന്‍ നിരത്തിലിറക്കും. ഓര്‍ഡര്‍ നല്‍കിയിരുന്ന 1,500 ബസ്സുകളില്‍ 9,00 എണ്ണം ഇതിനകം നിരത്തിലിറങ്ങിക്കഴിഞ്ഞു. 1,500ല്‍ 1,350 എണ്ണം സാധാരണ ബസ്സുകളും 150 എയര്‍ സസ്‌പെന്‍ഷന്‍ ബസ്സുകളുമാണ്. കൂടാതെ 18 സ്‌കാനിയ ബസ്സുകളും വൈകാതെ നിരത്തിലിറങ്ങും. ഏപ്രില്‍ മുതല്‍ മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ്-നാല് വിഭാഗത്തില്‍പ്പെട്ട ബസ്സുകള്‍ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ എന്നതിനാല്‍ അതിനു മുമ്പുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍. മെയ് 31നകം പുതിയ ബസ്സുകളുടെ ഷാസികള്‍ എത്തിക്കണമെന്നാണ് കരാറെങ്കിലും ഈമാസം അവസാനത്തോടെ തന്നെ അവയെത്തുമെന്നു അധികൃതര്‍ പറഞ്ഞു. നിലവില്‍ 5,600ഓളം ബസ്സുകളുള്ള കെഎസ്ആര്‍ടിസിയില്‍ പുതിയവ വരുന്നതോടെ എണ്ണം 6,000 കവിയും.  പുതിയ ബസ്സുകള്‍ എത്തുന്നതിന് അനുസരിച്ച് കാലാവധി കഴിഞ്ഞവ മാറ്റുന്നതിനാല്‍ ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവില്ല. 5 വര്‍ഷമാണ് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസ്സുകളുടെ കാലാവധിയെന്നിരിക്കെ പിന്നീട് അവ ഓര്‍ഡിനറിയാക്കി മാറ്റുകയാണ് പതിവ്. രണ്ടുവര്‍ഷം മുമ്പാണ് 1,500 ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നതെങ്കിലും അവ ഇപ്പോഴാണ് എത്തിത്തുടങ്ങിയത്. നിയമ തടസ്സങ്ങള്‍ കാരണമാണ് ബസ്സുകളിറക്കാന്‍ വൈകിയതെന്നാണ്  ബന്ധപ്പെട്ടവരുടെ വിശദീകരണം. അതേസമയം, കെയുആര്‍ടിസിയില്‍ പുതുതായി ഓര്‍ഡര്‍ ചെയ്ത 400 ബസ്സുകളില്‍ 283 ബസ്സുകളാണ്  എത്തിയത്. അവശേഷിക്കുന്ന 117 എണ്ണം അടുത്തമാസം പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍ സുധാകരന്‍ പറഞ്ഞു. പുതിയ സ്‌കാനിയ ബസ്സുകള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുക. 18 എണ്ണത്തില്‍ 4 എണ്ണം എത്തിയെങ്കിലും നിരത്തിലിറങ്ങിയിട്ടില്ല. രജിസ്‌ട്രേഷന്‍ സംബന്ധിയായ ചില തടസ്സങ്ങളാണ് കാരണം. ചെന്നൈ, പുട്ടപര്‍ത്തി, തിരുപ്പതി, ബംഗളുരു തുടങ്ങിയ ഇടങ്ങളിലേക്ക് സ്‌കാനിയ സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it