കെഎസ്ആര്‍ടിസി: 1,300 കോടി വായ്പയ്ക്ക് ധാരണ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി 1,300 കോടി രൂപ വായ്പയെടുക്കാനുള്ള നടപടി പൂര്‍ത്തിയായി. ഇത് സംബന്ധിച്ച കരാര്‍ നവംബര്‍ 7ന് ഒപ്പുവയ്ക്കുമെന്നും നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയെയും ഗവണ്‍മെന്റിനെയും സഹായിക്കാന്‍ തയ്യാറായത്.

എസ്ബിഐ (350 കോടി) , എസ്ബിടി (300 കോടി), ലക്ഷ്മി വിലാസ് ബാങ്ക് (75 കോടി), കാനറാ ബാങ്ക് (200 കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (50 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (100 കോടി), ബാങ്ക് ഓഫ് ഇന്ത്യ (75 കോടി), കേരള ഗ്രാമീണ്‍ ബാങ്ക് (50 കോടി) എന്നീ ബാങ്കുകളാണ് മൊത്തം 1,300 കോടി രൂപ കടമായി നല്‍കാന്‍ തയ്യാറായത്. ബാങ്കുകളുടെ ചീഫ് ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
12 വര്‍ഷക്കാലാവധിക്ക് 12 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുന്നത്. ഇതുമൂലം പലിശയില്‍തന്നെ 2.5 ശതമാനത്തിന്റെ കുറവുണ്ടാവും. ഇതുവഴി പ്രതിവര്‍ഷം 32.5 കോടി രൂപ പലിശയിനത്തില്‍ ലാഭിക്കാന്‍ കഴിയും. വായ്പ 12 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതുവഴി പ്രതിമാസ തിരിച്ചടവില്‍ 36 കോടി രൂപയുടെ കുറവുണ്ടാവും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ധാരണയുണ്ടാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ മുമ്പു നല്‍കിയ 1090.50 കോടി രൂപയുടെ വായ്പ ഓഹരി മൂലധനമായി മാറ്റുകയും അതുവഴി പ്രതിവര്‍ഷം പലിശ ബാധ്യതയില്‍ 168.12 കോടി രൂപ ഇളവുണ്ടാവുകയും ചെയ്തു. ഈ വായ്പയ്ക്ക് കുടിശ്ശികയായി നല്‍കേണ്ടിയിരുന്ന 172.37 കോടി രൂപയുടെ പലിശ ബാധ്യത ഗവണ്‍മെന്റ് പൂര്‍ണമായി എഴുതിത്തള്ളുകയും ചെയ്തിരുന്നു. വായ്പ തിരിച്ചടവ് കൃത്യതയോടെ നടത്തിയിട്ടുള്ളതിനാലാണ് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായത്. ഈ നടപടികളുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ പ്രതിവര്‍ഷ നഷ്ടം 621.28 കോടി രൂപയില്‍നിന്ന് 304.75 കോടി രൂപയായി കുറയുമെന്ന് മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it