Alappuzha local

കെഎസ്ആര്‍ടിസി ഹിതപരിശോധന 23ന്: ബസ് സ്റ്റേഷനുകളില്‍ വ്യാപക പ്രചാരണം

ഹരിപ്പാട്: സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ അംഗീകൃത തൊഴിലാളി യൂനിയനുകളെ തിരെഞ്ഞെടുക്കാനുള്ള ഹിതപരിശോധന 23ന് നടക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയപരിധി. എല്ലാ ബസ് സ്റ്റേഷനുകളിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ ചേംബറിലെത്തി ജീവനക്കാര്‍ക്കു മല്‍സരരംഗത്തുള്ള തൊഴിലാളി യൂണിയനുകളില്‍ ഇഷ്ടസംഘടനയ്ക്ക് വോട്ട് ചെയ്യാം.അതീവ രഹസ്യമായി വേണം വോട്ടു രേഖപ്പെടുത്തേണ്ടത്.
വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ നിയന്ത്രണത്തില്‍ ചെയ്തിരിക്കും. ആധുനിക വോട്ടിങ് യന്ത്രങ്ങളല്ല തിരെഞ്ഞടുപ്പിന് ഉപയോഗിക്കുന്നത് പകരം പഴയ രീതിയില്‍ ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ഇഷ്ടമുള്ള സംഘടനയുടെ പേരിനു നേരെ വോട്ടിങ് സീല്‍ പതിക്കുക യാണ് വേണ്ടത്.ബൂത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മല്‍സരരംഗത്തുളള സംഘടനകളുടെ ഒരു ഏജന്റിനും ഇരിപ്പിടമുണ്ടാവും. വോട്ട് ചെയ്യാനെത്തുന്ന ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
240 ഡ്യൂട്ടി തികച്ച താല്‍ക്കാലിക ജീവനക്കാര്‍ക്കു വരെ വോട്ടവകാശം ഉണ്ട്. എന്നാല്‍ സസ്‌പെന്‍ഷനിലുള്ള ജീവനക്കാര്‍ക്ക് വോട്ടവകാശം ഇല്ല. ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സംഘടനകളാണ് മല്‍സരരംഗത്തുള്ളത്. സിഐടിയു നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍, ഐന്‍ടിയുസി നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയനും കെ മുരളീധരന്‍ പ്രസിഡന്റായ കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയനും മുന്നണിയായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരിലും എഐടിയുസി നേതൃത്വം നല്‍കുന്ന കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയനും ബിഎംഎസ് നേതൃത്വത്തില്‍ കെഎസ്ആര്‍ടി എംപ്ലോയീ സംഘും സ്വതന്ത്ര സംഘടന യായ കെഎസ്ആര്‍ടിസ് വെല്‍ഫെയര്‍ അസോസിയേഷനുമാണ് മല്‍സരരം ഗത്തുള്ളത്. നിലവില്‍ സിഐടിയുവിന്റെ എംപ്ലോയീസ് അസോസിയേഷനും ഐന്‍ടിയുസിയുടെ ട്രാാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനുമാണ് അംഗീകാരമുള്ളത്.
2015 വരെ മൊത്തം ജീവനക്കാരുടെ 20 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനകള്‍ക്കായിരുന്നു അംഗീകാരം എന്നാല്‍ ഇക്കുറി അംഗീകാരത്തിന് 15 ശതമാനം മതി.കഴിഞ്ഞ വര്‍ഷം 49 ശതമാനം വോട്ട് സിഐടിയുവിനും 14 ശതമാനം വോട്ട് എഐടിയുസിക്കും ലഭിച്ചിരുന്നു. 15 ശതമാനം വോട്ട് നേടി എങ്ങനെയും അംഗീകാരം നേടാന്‍ എഐടിയുസിയും 50 ശതമാനത്തിനു മുകളില്‍ വോട്ട് കരസ്ഥമാക്കി ഒരു വ്യവസായത്തില്‍ ഒരു യൂനിയന്‍ എന്ന നിലയില്‍ ജീവനക്കാരുടെ സോള്‍ ബാര്‍ഗെയിനിങ് എജന്റെയായി മാറാന്‍ സിഐടിയുവും അക്ഷീണ പരിശ്രമം നടത്തുകയാണ്.
Next Story

RELATED STORIES

Share it