Idukki local

കെഎസ്ആര്‍ടിസി ബസ് ട്രിപ്പ് മുടക്കി; യാത്രക്കാര്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെ തടഞ്ഞുവച്ചു

മൂലമറ്റം: കെ.എസ്.ആര്‍.ടി.സി. ട്രിപ്പ് മുടക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെ തടഞ്ഞുവച്ചു. മൂലമറ്റം ബസ്‌സ്‌റ്റേഷനിലാണ് സംഭവം.
ദിവസം 10 തവണയാണ് തൊടുപുഴയില്‍ നിന്ന് പതിപ്പള്ളിക്ക് ബസ് സര്‍വീസ് നടത്തുന്നത്.ഞായറാഴ്ചയും ദിവസവും വൈകിട്ട് 6 മണിക്കുമുളള സര്‍വീസും യാത്രക്കാര്‍ കുറവായതു കൊണ്ട് നിര്‍ത്തിയിരുന്നു.എന്നാല്‍ ശനിയാഴ്ച യാതൊരു മുന്നറിയിപ്പും ഇല്ലാതെ രാവിലെ പതിപ്പള്ളിക്കുള്ള ബസ് ഓടിച്ചില്ല.കാരണമന്വേഷിച്ചപ്പോള്‍ കലക്ഷന്‍ കുറവായതുകൊണ്ടാണ് നിര്‍ത്തിയതെന്നു കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമീണ മേഖലയിലേയ്ക്കുള്ള സര്‍വീസുകള്‍ നഷ്ടത്തിലാണെങ്കിലും നിര്‍ത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളതാണ്.
അത് ലംഘിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കം അന്‍പതോളം യാത്രക്കാര്‍ മൂലമറ്റം കെ.എസ് .ആര്‍. ടി .സി ഓഫിസിലെത്തി ഇന്‍സ്പക്ടറെ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടര്‍ന്നു സോണല്‍ ഓഫിസറെ ഫോണില്‍ വിവരം അറിയിച്ചു. സോണല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍, ഉടന്‍ തന്നെ സമയം തെറ്റി 10:20 ന് സര്‍വീസ് പതിപ്പള്ളിക്കയച്ചു. അസമയമായിരുന്നതുകൊണ്ട് യാത്രക്കാരും കുറവായിരുന്നു.ഈ ബസ്സ് പതിപ്പള്ളിയില്‍ ചെന്ന് ബ്രേക്ക് ഡൗണ്‍ ആവുകയും ചെയ്തു.
മൂലമറ്റം കെ.എസ് .ആര്‍. ടി. സി ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ട്രിപ്പ് മുടക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി പരക്കെ ആക്ഷേപമുണ്ട്. ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി എംഡി ദേവദാസിന്റെ നേതൃത്വത്തിലാണ് 50 ഓളം ആളുകള്‍ ഇന്‍സ്‌പെക്ടറെ തടഞ്ഞത്.
Next Story

RELATED STORIES

Share it