Idukki local

കെഎസ്ആര്‍ടിസി ബസ്സുമായി കടന്ന സംഭവം; പ്രതി റിമാന്‍ഡില്‍

തൊടുപുഴ: ടൗണിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ്സുമായി കടന്ന സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു.മണക്കാട് നിരപ്പേല്‍ ദീപു പ്രകാശി(20)നെയാണ് പിടിയിലായത്. തൊടുപുഴ എസ്‌ഐ സി ബി സുരേഷ്‌കുമാറാണ് കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലാണ് വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഇദ്ദേഹം തൊടുപുഴയിലെ താല്‍ക്കാലിക കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഇന്ത്യന്‍ ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിനു മുന്നില്‍ സമീപം പാര്‍ക്ക് ചെയ്ത ബസ് കടത്തിക്കൊണ്ടുപോയത്. ബസ് പുറപ്പെട്ടു പോയ വിവരം കെഎസ്ആര്‍ടിസി അധികൃതര്‍ അറിഞ്ഞില്ല.അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പോയിലെ സെക്യൂരിറ്റിയോട് ഡിടിഒ വിശദീകരണം തേടി. സമാനമായ രീതിയില്‍ ദീപു നേരത്തേ എക്‌സകവേറ്ററും മറ്റു ചില വാഹനങ്ങളും ഇത്തരത്തില്‍ ഉടമസ്ഥരോട് പറയാതെ ഓടിച്ചു കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ട്.ആ സമയം ഇയാള്‍ മൈനറായതുകൊണ്ട് വീട്ടുകാരുടെ നേതൃത്വത്തില്‍ സംഭവം ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.മോഷണശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നു തൊടുപുഴ എസ്‌ഐ സുരേഷ്‌കുമാര്‍ പറഞ്ഞു.തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ മാസ്റ്റര്‍ ശങ്കരന്‍ നമ്പൂതിരിയുടെ പരാതിയിലാണ് ഇത്. കടത്തിയ ബസ്സുമായി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചതിനുശേഷം വെങ്ങല്ലൂരിനു സമീപമുള്ള ചായക്കടയുടെ മുമ്പില്‍ നിര്‍ത്തി .
റേഡിയേറ്ററില്‍ വെള്ളമൊഴിക്കാനായി ചായക്കടക്കാരനോട് വെള്ളമാവശ്യപ്പെട്ടു.ഇതിനിടെ ചായക്കടയിലിരുന്ന മുവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവര്‍ പരിചയമില്ലാത്ത ദീപുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബസ് കടത്ത് പുറത്തായത്.അതോടെ നാട്ടുകാരും വിഷയം ഏറ്റെടുത്തു.ഇതിനിടെ ഒട്ടോറിക്ഷയെ ബസ് ഇടിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ഓട്ടോ ഡ്രൈവറും രംഗത്തെത്തി.
ഉടന്‍ തന്നെ മുവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവര്‍ തൊടുപുഴ കെഎസ്ആര്‍ടിസിയിലും തൊടുപുഴ പോലിസിലും വിവരമറിയിച്ചു.തുടര്‍ന്നാണ് പോലിസെത്തി ദീപുവിനെ കസ്റ്റഡിയിലെടുത്തത്.ബസ്സുകളിലും ലോറികളിലും കിളിയായി ജോലി ചെയത് വരികയായിരുന്നു ദീപു.കട്ടപ്പന-തൊടുപുഴ സര്‍വീസ് നടത്തിയിരുന്ന ബസ്സാണ് പ്രതി കടത്തിയത്.തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് കീഴില്‍ 60 ബസുകളാണുള്ളത്.ഇതില്‍ 30 ബസുകള്‍ പാര്‍ക്ക് ചെയുന്നത് കിലോമീറ്ററുകളോളം നീളത്തില്‍ റോഡരികിലാണ്.ബസ്സിന്റെ പാര്‍ട്‌സുകള്‍ കവരുന്നതിനും രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ ബസ്സിനുള്ളില്‍ കയറി കിടക്കുന്നതും നിത്യസംഭവമാണ്.ഇത്രയും ബസ്സുകള്‍ നോക്കാന്‍ ആകെയുളളത് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മാത്രമാണ്.സംഭവത്തില്‍ സെക്യൂരിറ്റിക്കെതിരേ നടപടിയെടുത്ത് തലയൂരാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി.
താക്കോല്‍ ഇല്ലാതെയും കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ സ്റ്റാര്‍ട്ടാക്കാം. കെഎസ്ആര്‍ടിസിയുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വിഴ്ചായണിത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസ്സുകളില്‍ ഏറിയ പങ്കും ഇത്തരത്തില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു.15 രൂപയ്ക്ക് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന താക്കോല്‍ ഉപയോഗിച്ച് ബസ് സ്റ്റാര്‍ട്ടാക്കാന്‍ കഴിയും.യുവാവ് എങ്ങനെ ബസ് സ്റ്റാര്‍ട്ട് ചെയ്തുവെന്ന് കെഎസ്ആര്‍ടിസി പരിശോധിച്ച് വരികയാണ്.
Next Story

RELATED STORIES

Share it