wayanad local

കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവ് പിടികൂടി

മാനന്തവാടി: കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ രണ്ടു കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ എത്തിയ ബാംഗ്ലൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സില്‍ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ പി ആര്‍ ജിനേഷ്, എ എം ബിനുമോന്‍ എന്നിവര്‍ നടത്തിയ പരശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബസ്സിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിടികൂടിയ കഞ്ചാവ് തുടര്‍ നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ചിന് കൈമാറി. തിരഞ്ഞെടുപ്പ് വേളയില്‍ പരിശോധന കര്‍ശനമായിരുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള കഞ്ചാവിന്റെ വരവിന് അയവുണ്ടായിരുന്നു. എന്നാല്‍, വീണ്ടും കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് കൊഴുക്കുന്നുവെന്നതിന്റെ സൂചനയാണ് തോല്‍പ്പെട്ടി സംഭവം വെളിവാക്കുന്നത്. കഴിഞ്ഞ ദിവസം ബൈരക്കുപ്പ ഭാഗത്തുനിന്ന് കഞ്ചാവ് വാങ്ങി പെരിക്കല്ലൂരില്‍ വില്‍പന നടത്തുകയായിരുന്ന രണ്ടു പേരെ പിടികൂടിയിരുന്നു.
ബൈരക്കുപ്പ ലഹരിമുക്ത പഞ്ചായത്തോടെ ഈ ഭാഗത്ത് കഞ്ചാവ് ലോബികള്‍ ഇപ്പോള്‍ മച്ചൂര്‍ ഭാഗത്തേക്കാണ് ഇടപാടുകള്‍ മാറ്റിയിരിക്കുന്നത്. മാത്രവുമല്ല, ബൈരക്കുപ്പയില്‍ നിന്നുള്ള കഞ്ചാവ് വരവ് നിലച്ചതോടെ മൈസൂര്‍, ഹസന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതെന്നാണ് പുതിയ വിവരം. രാത്രികാലങ്ങളിലുള്ള ദീര്‍ഘദൂര ബസ്സുകളിലാണ് കഞ്ചാവ് കടത്ത്. തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. ഇക്കാലയളവില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട 2015 ഡിസംബറിലാണ്.
അന്ന് അഞ്ചു കിലോഗ്രാം കഞ്ചാവാണ് തോല്‍പ്പെട്ടിയില്‍ പിടികൂടിയത്. കഞ്ചാവ് കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ആളെന്നാണ് എക്‌സൈസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ദീര്‍ഘദൂര ബസ്സുകളില്‍ നിന്നു പലപ്പോഴായി കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും ഇതില്‍ ഏറിയ കേസുകളിലും പ്രതിയാരാണെന്ന് എക്‌സൈസിന് കണ്ടെത്താന്‍ കഴിയാറില്ല.
Next Story

RELATED STORIES

Share it