wayanad local

കെഎസ്ആര്‍ടിസി ഡ്രൈവര്‍ നിയമനം: മന്ദഗതിയില്‍ ലിസ്റ്റിന്റെ കാലാവധി തീരുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

കല്‍പ്പറ്റ: റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായിട്ടും നിയമനങ്ങള്‍ മന്ദഗതിയില്‍ തുടരുന്നത് ഉദ്യോഗാര്‍ഥികളെ നിരാശയിലാക്കി. കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനം കാത്തുകഴിയുന്നവരാണ് വിഷമത്തിലായത്. 2012 ആഗസ്ത് 23ന് നിലവില്‍ വന്നതാണ് റാങ്ക് ലിസ്റ്റ്. ഇതിന്റെ ദീര്‍ഘിപ്പിച്ച കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമാണ് ബാക്കി.
റിസര്‍വ് ഡ്രൈവര്‍ തസ്തികയില്‍ നിയമനത്തിനു രണ്ടു റാങ്ക് ലിസ്റ്റുകളാണ് തയ്യാറാക്കിയത്. ഇതില്‍ ജനറല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 4,791 പേര്‍ക്കാണ് ഇതിനകം നിയമനം ലഭിച്ചത്. മൈനോറിറ്റി ലിസ്റ്റില്‍ 1,262 പേര്‍ക്കും നിയമനമായി. കാത്തിരിപ്പ് വെറുതെയാവുമെന്ന ആശങ്കയിലാണ് ജനറല്‍ പട്ടികയില്‍ അവശേഷിക്കുന്നവര്‍. ജനറല്‍ റാങ്ക് ലിസ്റ്റിലെ 3,868 പേര്‍ക്കാണ് ആദ്യം നിയമനം നല്‍കിയത്. പിന്നീട് രണ്ടു ഘട്ടങ്ങളിലായി 143 പേര്‍ക്ക് നിയമനം ലഭിച്ചു. 780 പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ നിയമന ഉത്തരവ് അയച്ചത്.
കോര്‍പറേഷന്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മുറയ്ക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ അയക്കുന്നത്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തിനിടെ ഉണ്ടാവുന്ന ഒഴിവുകള്‍ കണക്കാക്കി നിയമന ഉത്തരവ് നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നു കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂനിയനുകള്‍ മാനേജ്‌മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നു മാനേജ്‌മെന്റ് അറിയിച്ചെങ്കിലും തുടര്‍ നടപടിയായില്ല.
പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി കഴിഞ്ഞവരാണ് റിസര്‍വ് ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ അവശേഷിക്കുന്നവരില്‍ ഏറെയും. എന്നിരിക്കെ, ലിസ്റ്റിന്റെ കാലാവധി കഴിയുംമുമ്പ് പരാമാവധിയാളുകള്‍ക്ക് നിയമനം ലഭിക്കുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് വീണ്ടും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് ചിലര്‍.റെയില്‍പ്പാത: വയനാടിനെ
വീണ്ടും വഞ്ചിച്ചെന്നു സിപിഎം
കല്‍പ്പറ്റ: വയനാടന്‍ ജനതയുടെ ദീര്‍ഘകാല ആവശ്യമായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വീണ്ടും വഞ്ചിച്ചെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. 236 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക് 6,000 കോടി രൂപ ചെലവ് വരുമെന്നും ഈ തുക ഇബിആര്‍ വഴി കണ്ടെത്തണമെന്നുമാണ് ബജറ്റില്‍ പറയുന്നത്. റെയില്‍വേ ബജറ്റില്‍ ഒരു രൂപ േപാലും നീക്കിവയ്ക്കാനുള്ള ആര്‍ജവം കാട്ടിയില്ല. തുക അനുവദിക്കാതെ നടത്തുന്ന ഈ നീക്കം സ്വകാര്യ ഏജന്‍സികള്‍ക്ക് ലാഭം ഉണ്ടാക്കുനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. റെയില്‍വേയുടെ കാര്യത്തില്‍ ദീര്‍ഘകാലം കോണ്‍ഗ്രസ് സര്‍ക്കാര്‍ വയനാടന്‍ ജനതയെ പറഞ്ഞു പറ്റിച്ചു. ഇതേ നിലപാട്തന്നെയാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നതെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു എന്നും ഇതിന്റെ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ റെയില്‍വേ യാഥാര്‍ഥ്യമാവുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, വിഷയത്തില്‍ ആത്മാര്‍ഥമായ ഒരു സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് റെയില്‍വേ ബജറ്റില്‍ തെളിയുന്നത്. സംസ്ഥാനം 49 ശതമാനം തുക (കമ്പനി രൂപീകരിച്ചോ ഏജന്‍സികള്‍ വഴിയോ) കണ്ടെത്തിയാല്‍ ബാക്കി റെയില്‍വേ അനുവദിക്കുമെന്നു 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 6,000 കോടിയില്‍ 3,000 കോടിയെങ്കിലും സംസ്ഥാനം നീക്കിവയ്ക്കണം. സര്‍ക്കാര്‍ ഇതു നീക്കിവയ്ക്കുമെന്ന ധാരണ യാഥാര്‍ഥ്യ ബോധത്തിന് നിരക്കുന്നതല്ല.
2004ലാണ് നഞ്ചന്‍കോട്-വയനാട് റെയില്‍പ്പാതയുടെ ആദ്യ സര്‍വേ നടന്നത്. 2008ല്‍ അന്നത്തെ മുഖ്യമന്ത്രി വിഎസും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വിജയകുമാറും കേന്ദ്ര റെയില്‍മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി 2009 ജൂണില്‍ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ചു. എന്നാല്‍, തുടര്‍ന്നു വന്ന ബജറ്റുകളിലൊന്നും ഈ പാതയ്ക്ക് പണം വകയിരുത്തിയില്ല. ഇതിന്റെ ദുരന്തഫലമാണ് ഇപ്പോഴും വയനാട്ടുകാര്‍ അനുഭവിക്കുന്നത്. പ്രശ്‌നത്തില്‍ വര്‍ഷങ്ങളായി കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ഒരു ഇടപെടലും നടത്താതിരുന്ന കോണ്‍ഗ്രസ്സും ഭരണം ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തുന്ന രാഷ്ട്രീയ തട്ടിപ്പുകള്‍ ജനം തിരിച്ചറിയുമെന്നും സിപിഎം വ്യക്തമാക്കി.
Next Story

RELATED STORIES

Share it