thiruvananthapuram local

കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ വിശ്രമസ്ഥലത്തെ കച്ചവടാനുമതിയില്‍ ക്രമക്കേടെന്നു പരാതി

കാട്ടാക്കട: കെഎസ്ആര്‍ടിസി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്കുള്ള വിശ്രമസ്ഥലത്തും സ്‌റ്റെയര്‍കേസിന് അടിയിലും കച്ചവടം നടത്തുന്നതിന് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേടെന്നു പരാതി.
കോംപ്ലക്‌സിലെ ഇത്തരത്തിലുള്ള വ്യാപാരം യാത്രക്കാര്‍ക്കും കോംപ്ലക്‌സില്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കെഎസ്ആര്‍ടിസി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ 30 ലക്ഷം മുതല്‍ 35 ലക്ഷം വരെ അഡ്വാന്‍സ് നല്‍കിയും സ്‌ക്വയര്‍ഫീറ്റിന് 40 രൂപ നിരക്കില്‍ വാടക നല്‍കിയുമാണ് കടമുറികള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി മാറ്റിയിട്ടിരുന്ന സ്ഥലം ഗോഡൗണ്‍ എന്ന പേരില്‍ ചിലര്‍ വാടകയ്‌ക്കെടുത്താണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ കച്ചവടം നടത്തുന്നത്.
ഇതിനായി കെഎസ്ആര്‍ടിസിക്ക് നല്‍കുന്നതാകട്ടെ തുച്ഛമായ വാടകയും. കാട്ടാക്കട ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ ഗോഡൗണ്‍ എന്ന പേരില്‍ കടമുറി വാടകയ്ക്ക് നല്‍കിയ കെഎസ്ആര്‍ടിസി അധികൃതര്‍ വന്‍ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്.
ഗോഡൗണ്‍ എന്ന പേരില്‍ വാടകയ്ക്ക് നല്‍കിയ മുറികള്‍ക്ക് ഒന്നര ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അഡ്വാന്‍സും സ്‌ക്വയര്‍ഫീറ്റിന് 10 രൂപ നിരക്കില്‍ വാടകയുമാണ് നല്‍കുന്നത്. ഈ ഭാഗത്താണ് ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി പരാതി ഉയര്‍ന്നെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യാതൊരു നടപടിയുമുണ്ടായില്ല. കെഎസ്ആര്‍ടിസി കാട്ടാക്കട ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ അനുമതി നേടിയ പ്ലാനില്‍ നിന്ന് മാറ്റം വരുത്തി ബിസിനസ് നടത്താന്‍ വേണ്ടി കെട്ടിടം നല്‍കിയ കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ ഒരുങ്ങുകയാണ് കാട്ടാക്കട നിയമസഹായവേദി പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it