കെഎസ്ആര്‍ടിസി ഓര്‍ഡിനറി നിരക്ക് കുറച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറായി കുറയും. മറ്റു ടിക്കറ്റ് നിരക്കുകളിലും ഒരു രൂപയുടെ കുറവുണ്ടാവും. എന്നാല്‍, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങി മറ്റു സര്‍വീസുകളില്‍ നിലവിലെ നിരക്ക് തുടരും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്കു ലഭ്യമാക്കാനാണു സര്‍ക്കാര്‍ നടപടിയെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടാവും. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി സ്വകാര്യബസ്സുകളുടെ നിരക്കും കുറയ്ക്കാന്‍ ബസ്സുടമകളോട് ആവശ്യപ്പെടും. ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ശരാശരി 3,500 ബസ്സുകളാണ് പ്രതിദിനം ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്. ഒരുദിവസം 22 ലക്ഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് കുറച്ചതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി കെഎസ്ആര്‍ടിസി ഒരുമാസം ആറുകോടി രൂപയുടെ ഇളവാണ് അനുവദിക്കുന്നത്. പ്രതിവര്‍ഷം 72 കോടിയുടെ സൗജന്യം ജനങ്ങള്‍ക്കു ലഭിക്കും.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 1.30 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ യാത്രാസൗജന്യം ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇത്രയുമധികം ആനുകൂല്യം നല്‍കുന്നതും ആദ്യമായാണ്. സ്വകാര്യബസ്സുകളും ഈ മാതൃക പിന്തുടരണമെന്ന് ഗതാഗതമന്ത്രി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it