malappuram local

കെഎസ്ആര്‍ടിസി ഓപറേറ്റിങ് സെന്റര്‍: നഗരസഭ പിന്‍വലിയുന്നു

മഞ്ചേരി: മഞ്ചേരി ഐജിബിടി കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഓപറേറ്റിംങ് സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പിന്‍വലിയുന്നതായി ആരോപണമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍നടപടിയും എടുക്കാത്തതാണ് നഗരസഭയെ പ്രതിക്കൂട്ടിലാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് നിവേദനത്തില്‍ ഒഴുക്കന്‍ മട്ടില്‍ വ്യക്തമാക്കുകയല്ലാതെ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇവര്‍ നല്‍കിയ നിവേദനത്തിലും ദുരൂഹത തുടരുന്നുണ്ട്.
ഈ നിവേദനം ആര്‍ക്ക് നല്‍കിയെന്നതിലും അവ്യക്തതയുണ്ട്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിവേദനം നല്‍കിയതെന്നാണ് പറയുന്നത്. ഇത് പ്രകാരമാണ് കഴിഞ്ഞ ദിവസം സോണല്‍ മാനേജര്‍ കെ സിബി സ്ഥലം സന്ദര്‍ശിച്ചതെന്ന് നഗരസഭ പ്രചരിപ്പിക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ ഇടതു തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും മഞ്ചേരി വികസന സമിതിയും സിപിഎം ഏരിയാ കമ്മിറ്റിയും പുതിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എകെ ശശീന്ദ്രന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണത്രെ അധികൃതര്‍ മഞ്ചേരിയിലെത്തിയത്.
മാത്രമല്ല നഗരസഭയുടെ കത്ത് ഇതുവരെ കെഎസ്ആര്‍ടിസി അധികൃതരുടെ കയ്യിലെത്തിയിട്ടില്ലെന്നാണ് വിവരം. നടപടി വേഗത്തിലാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് നല്‍കുകയും ശേഷം എംഎല്‍എ ഇടപെട്ട് ഗവണ്‍മെന്റ് ഓര്‍ഡര്‍ഇറക്കുകയുമാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇത് നഗരസഭ ചെയ്തിട്ടില്ല.
അതേസമയം കഴിഞ്ഞ ആഴ്ച സന്ദര്‍ശനം നടത്തിയ സോണല്‍ മാനേജര്‍ മഞ്ചേരിക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാപാര കേന്ദ്രം,മെഡിക്കല്‍ കോളജ്, ടൗണ്‍,ജനവാസമേഖല തുടങ്ങിയവയാണ് മഞ്ചേരിക്ക് പ്ലസ് പോയിന്റായിട്ടുള്ളത്. കെഎസ്ആര്‍ടിസിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള നടപടിയെടുക്കേണ്ടത് ഇനി നഗരസഭയാണ് സോണല്‍ മാനേജര്‍ വ്യക്തമാക്കി. രേഖാ മൂലമുള്ള തീരുമാനം നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരുന്നാല്‍ പദ്ധതി ഇനിയും നീളും. മാറി വരുന്ന കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാനാണ് രേഖാ മൂലം ആവശ്യപ്പെടുന്നതത്രെ. അഞ്ചു വര്‍ഷത്തെ കരാറില്‍ സ്ഥലം വിട്ടുകൊടുത്താല്‍ മാത്രമേ ഓപറേറ്റിംങ് സെന്റര്‍ നടപ്പിലാവാന്‍ സാധ്യതയുള്ളു.
വ്യാപാരികളുടെ മുടങ്ങാതെയുള്ള ഇടപെടലാണ് മഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലായത്. ഇത്തരത്തില്‍ മുന്നിട്ടിറങ്ങാന്‍ ആളില്ലാത്തതും ഓപ്പറേറ്റിംങ് സെന്റര്‍ നീളാന്‍ കാരണമാവുന്നുണ്ട്.
Next Story

RELATED STORIES

Share it