kasaragod local

കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്

കാസര്‍കോട്: തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയുടെ വരുമാനത്തില്‍ വന്‍ കുറവ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 12.5 ലക്ഷം രൂപവരെ ദിവസ കലക്ഷന്‍ ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ ഒമ്പതര ലക്ഷത്തോളം രൂപവരെ മാത്രമാണ് കലക്ഷന്‍ ഇനത്തില്‍ ലഭിക്കുന്നത്. 100 സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ജീവനക്കാരുടെ കുറവ് മൂലം സര്‍വീസുകള്‍ 80ആയി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
കാസര്‍കോട്-മംഗലാപുരം അന്തര്‍സംസ്ഥാന സെക്ടറില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. നേരത്തെ ഏഴര ലക്ഷം രൂപവരെയായിരുന്നു ഈ റൂട്ടില്‍ കലക്ഷന്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍ അത് അഞ്ചര ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേസമയം കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ ഈ റൂട്ടില്‍ മെച്ചപ്പെട്ട സര്‍വീസ് നടത്തുകയാണ്.
ഇരുസര്‍ക്കാറുകളും അംഗീകരിച്ച കരാറിന്റെ അടിസ്ഥാനത്തില്‍ 35 ബസുകള്‍ വീതമാണ് ഇരുസംസ്ഥാനങ്ങളും സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ കര്‍ണാടക ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും നടത്തുമ്പോള്‍ കേരള ആര്‍ടിസിയുടെ 20ഓളം സര്‍വീസുകള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ അന്തര്‍സംസ്ഥാന റൂട്ടില്‍ കര്‍ണാടക വന്‍ ലാഭം കൊയ്യുകയാണ്. കാസര്‍കോട്-ചന്ദ്രഗിരി ദേശസാല്‍കൃത റൂട്ടില്‍ വരുമാനത്തില്‍ വന്‍ കുറവ് വരുന്നതായി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മല്‍സ്യത്തൊഴിലാളി മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഈ റൂട്ടിലും റബറിന്റെയും മറ്റു മലഞ്ചരക്ക് ഉല്‍പ്പന്നങ്ങളുടേയും വില കുറഞ്ഞതോടെ മലയോര റൂട്ടിലും കെഎസ്ആര്‍ടിസിയുടെ കലക്ഷനില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. കാസര്‍കോട് ഡിപ്പോയില്‍ 62 ഡ്രൈവര്‍മാരുടേയും 50 ഓളം കണ്ടക്ടര്‍മാരുടേയും ഒഴിവുകളുണ്ട്.
മാത്രവുമല്ല മിക്ക ബസുകളും കട്ടപ്പുറത്താണ്. അതുകൊണ്ട് തന്നെ പല സര്‍വീസുകളും വെട്ടിചുരുക്കേണ്ടിവരുന്നതായി അധികൃതര്‍ പറയുന്നു. വൈകീട്ട് ഏഴിന് ശേഷം കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയില്‍ ബസുകള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തിയാല്‍ പിന്നീട് എട്ടിനാണ് സര്‍വീസ്. ഇതുകഴിഞ്ഞാല്‍ രാത്രി ഒമ്പതിന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള സര്‍വീസ് മാത്രമാണുള്ളത്. ചെര്‍ക്കള, ചട്ടഞ്ചാല്‍, പെരിയ, മാവുങ്കാല്‍ ഭാഗത്തേക്ക് പോകേണ്ടുന്ന യാത്രക്കാര്‍ രാത്രികാലങ്ങളില്‍ സര്‍വീസ് മുടക്കുന്നത് മൂലം ദുരിതത്തിലാണ്.
വൈകീട്ട് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള പല സര്‍വീസുകളും വെട്ടിച്ചുരുക്കി പയ്യന്നൂരില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഇതോടെയാണ് ദേശീയപാതയില്‍ യാത്രാപ്രശ്‌നം രൂക്ഷമായത്. മാത്രവുമല്ല കണ്ണൂര്‍-കാസര്‍കോട് സെക്ടറില്‍ ഇപ്പോള്‍ ചില സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് നേടിയതോടെ കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളും ഭാഗികമായിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. പഴയ ബസുകളാണ് ഈ ഡിപ്പോയിലേക്ക് നല്‍കിയിരുന്നത്. പല സര്‍വീസുകളും മലയോര മേഖലയിലേക്കായതിനാല്‍ ഈ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ കാഞ്ഞങ്ങാട് ഡിപ്പോയുടേയും പ്രവര്‍ത്തനം അവതാളത്തിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it