കെഎഫ്എ അംഗീകൃത സെവന്‍സ് ടൂര്‍ണമെന്റുകള്‍ വന്‍ പരാജയം

ടിപി ജലാല്‍

മഞ്ചേരി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) നടത്തിയ അംഗീകൃത സെവന്‍സ് ടൂര്‍ണമെന്റുകള്‍ വന്‍ പരാജയം ഏറ്റുവാങ്ങി. സെവന്‍സ് ഫുട്‌ബോളിനെ ഔദ്യോഗികമായി അംഗീകരിച്ച ശേഷം ആദ്യമായി നടത്തിയ ടൂര്‍ണമെന്റുകളാണ് പരാജയപ്പെട്ടത്. കേരളത്തിടനീളം 30 ഓളം ടൂര്‍ണമെന്റുകള്‍ പ്രഖ്യാപിച്ച കെഎഫ്എക്ക് ആറ് ടൂര്‍ണമെന്റുകള്‍ മാത്രമാണ് സംഘടിപ്പിക്കാനായത്.
മാവൂര്‍, വളപട്ടണം, കാസര്‍കോഡ്, മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പോത്തുകല്ല്, പൊന്നാനി, മഞ്ചേരി എന്നീവിടങ്ങളിലാണ് മല്‍സരം സംഘടിപ്പിച്ചത്. ഇതില്‍ പോത്തുകല്ലും പാണ്ടിക്കാടും ഒഴിച്ചുള്ളവക്ക് ചെലവായ തുക പോലും ലഭിച്ചില്ല.
ഡിഎഫ്എയില്‍ രജിസ്റ്റര്‍ ചെയ്തവരും അംഗീകൃത ടീമുകളുമായിരിക്കണമെന്ന നിബന്ധനയിലാണ് ടൂര്‍ണമെന്റുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മല്‍സരം ആരംഭിച്ചതോടെ പ്രമുഖ സെവന്‍സ് ടീമുകളും വിദേശ താരങ്ങളുമില്ലാത്തതിനാല്‍ കാണികള്‍ കൈയൊഴിഞ്ഞു. ഇതിനു പുറമെ ക്ലബ് ടീമുകളായ ടൈറ്റാനിയം, പോലി സ്, ഏജീസ് ടീമിലെ താരങ്ങള്‍ സ്വന്തം ശരീരം സൂക്ഷിച്ച് കളിച്ചതോടെ ഗാലറികള്‍ നോക്കുകുത്തികളായി. ഗത്യന്തരമില്ലാതെ വന്നതോടെ അംഗീകാരമി ല്ലാത്ത ടീമുകളേയും രംഗത്തിറക്കേണ്ടി വന്നു. കൊട്ടിയാഘോഷിച്ചെത്തിയ ടൂര്‍ണമെന്റുകള്‍ പിന്നീട് ഒന്നൊന്നായി കടപുഴകുകയായിരുന്നു.
ടൂര്‍ണമെന്റുകള്‍ ലഭിക്കാന്‍ തുടക്കത്തില്‍ വന്‍ ആവേശം കാണിച്ചവരെല്ലാം പിന്നീട് പിന്‍വാങ്ങി. ഒരു ടൂര്‍ണമെന്റ് നടത്താന്‍ 25000 രൂപയാണ് കെഎഫ്എ ഈടാക്കിയത്. സാധാരണ ഒരു അംഗീകൃത ടൂര്‍ണമെന്റ് നടത്താന്‍ 1000 രൂപയില്‍ താഴെ ഫീസ് ഈടാക്കിയപ്പോഴാണ് സെവന്‍സ് ടൂര്‍ണമെന്റിന് തുക വര്‍ധിപ്പിച്ചത്.
സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കിയ സമാന്തര സംഘടനയുടെ സമ്മര്‍ദ്ദഫലമായാണ് കെഎഫ്എ സെവന്‍സ് ഫുട്‌ബോളിന് അംഗീകാരം നല്‍കിയത്. എന്നാല്‍ സമാന്തരസംഘടനയിലെ ചിലര്‍ കലക്ഷന്‍ ദുരുപയോഗപ്പെടുത്തുകയും ചില ചെറുകിട ടീമുകളില്‍ നിന്നും പണം വാങ്ങി കളിപ്പിക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നതോടെ ഈ കൂട്ടുകെട്ട് തിരിച്ചടിയാവുകയും ചെയ്തു.
പിന്നീട് പാണ്ടിക്കാടിലും പോത്തുകല്ലിലും കെഎഫ്എ ഭാരവാഹികള്‍ നേരിട്ടാണ് മല്‍സരം നടത്തിയത്. സമാന്തര സംഘടനയായ സെവന്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റിയെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് സംഘടിപ്പിച്ചതില്‍ കെഎഫ്എയ്ക്കകത്ത് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ പ്രതിനിധിക്കെതിരെ ഇന്നു നടക്കുന്ന കെഎഫ്എ യോഗത്തി ല്‍ കടുത്ത വിമര്‍ശനമുയര്‍ന്നേക്കും.
വര്‍ഷങ്ങളായി നടക്കാറുള്ള സെവന്‍സ് ടൂര്‍ണമെന്റുകള്‍ വന്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്നതില്‍ കെഎഫ്എക്ക് മുമ്പുതന്നെ ഒരു കണ്ണുണ്ടായിരുന്നു. 2001 മുതല്‍ ചുരുക്കം ചില ടൂര്‍ണമെന്റുകള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയില്‍ സമാന്തര സംഘടയുടെ പിന്തുണയും ലഭിച്ചതോടെയാണ് ഈ വര്‍ഷം അംഗീകാര പ്രഖ്യാപനം നടത്തി ടൂര്‍ണമെന്റുകള്‍ നടത്തിയത്.
നിലവാരമുള്ള ഇലവന്‍സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനു പകരം നല്ല രീതിയില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളം 50ഓളം ടൂര്‍ണമെന്റുകളും 33 ഓളം കിടിലന്‍ ടീമുകളുമുള്ള അസോസിയേഷനുമായി ഒരു ചര്‍ച്ച പോലും കെഎഫ്എ നടത്തിയിരുന്നില്ല. അതേസമയം, അസോസിയേഷന്‍ നടത്തിയ 40 ഓളം ടൂര്‍ണമെന്റുകളും ലാഭത്തിലായിരുന്നു.
Next Story

RELATED STORIES

Share it