കെഎടി നിയമനം: സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളെ നിയമിക്കാനുള്ള സെലക്ഷന്‍ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനായി അഭിഭാഷകരായ ബെന്നി ഗര്‍വാസീസ്, വി രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്‌തെങ്കിലും ഭാഗികമായി മാത്രമേ അംഗീകരിക്കാനാവൂവെന്ന സര്‍ക്കാര്‍ നിലപാടാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി വി ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയത്.
ചീഫ് സെക്രട്ടറി കൂടി അംഗമായ സെലക്ഷന്‍ സമിതി ശുപാര്‍ശ ചെയ്ത പേരുകള്‍ തുടര്‍നടപടിക്കായി കേന്ദ്രസര്‍ക്കാരിന് അയക്കാന്‍ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ രണ്ടു പേരെ സെലക്ഷന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടും നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം ആര്‍ ധനില്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനും പിഎസ്‌സി ചെയര്‍മാന്‍, ട്രൈബ്യൂണല്‍ മുന്‍ ചെയര്‍മാന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രണ്ടംഗങ്ങളുടെ പേര് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടിക്കായി കേന്ദ്രസര്‍ക്കാരിനു കൈമാറിയില്ലെന്നും ശുപാര്‍ശ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
അതേസമയം, ഒരൊഴിവ് മാത്രമാണുള്ളതെന്നും മറ്റൊന്ന് ഭാവിയില്‍ വരാനിരിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ചീഫ് സെക്രട്ടറി കൂടി അംഗമായ സമിതി നിലവിലെ രണ്ട് ഒഴിവിലേക്ക് എന്നു വ്യക്തമാക്കിയാണ് രണ്ടു പേരുകള്‍ നിയമനത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ഒരൊഴിവ് ഭാവിയില്‍ വരാനിരിക്കുന്നതാണെന്ന സര്‍ക്കാര്‍ വാദം ആത്മാര്‍ഥതയോടെയല്ലെന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it