kozhikode local

കെഎംസിടി പരിസരങ്ങളിലെ കിണറുകളില്‍ മാലിന്യം; ശാസ്ത്രജ്ഞരുടെ സംഘം പരിശോധന നടത്തി

മുക്കം: കെഎംസിടി സ്ഥാപനങ്ങളുടെ പരിസരത്തെ കിണറുകളില്‍ അകാരണമായി ജലവിതാനം ഉയര്‍ന്നതിനാലും ജലത്തിന്റെ നിറം, സ്വഭാവം എന്നിവ മാറിയതിനാലും ശാസ്ത്രജ്ഞരുടെ സംഘം പ്രദേശത്ത് പരിശോധന നടത്തി. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സിഡബ്ല്യുആര്‍ഡിഎമ്മിലെ ജല ഗുണനിലവാര വിഭാഗത്തിലെയും ഭൂഗര്‍ഭജല വിഭാഗത്തിലെയും ശാസ്ത്രജ്ഞരായ ഡോ.മാധവന്‍ കോമത്ത്, ഡോ. പി ആര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.
മണാശ്ശേരി വാര്‍ഡിലെ നെടുങ്കണ്ടത്തില്‍, ഉരുളം കുന്നത്ത്, വാഴക്കാട്ടു പൊയില്‍ പ്രദേശങ്ങളിലെ ഇരുപതോളം കിണറുകളിലാണ് ജലവിതാനം ക്രമാതീതമായി ഉയരുകയും നിറത്തിനും രുചിക്കും വ്യത്യാസം സംഭവിക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് സാന്ദ്രം റസിഡന്‍സ് അസോസിയേഷന്റെ പരാതിയിലാണ് മുക്കം നഗരസഭ ചെയര്‍മാന്‍ പരിശോധക്ക് അപേക്ഷ നല്‍കിയത്. 20 കിണറുകളില്‍ 11 എണ്ണത്തില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തില്‍ വ്യാപകമായി അമ്ലാംശം ഉള്ളതായാണ് പ്രാഥമിക കണ്ടെത്തല്‍. മിക്ക കിണറുകളിലും പിഎച്ച് മൂല്യം കുറവാണ്. പല കിണറുകളിലും മാലിന്യം കലര്‍ന്നതായി സംശയിക്കുന്നതിനാല്‍ ജലം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു.
കെഎംസിടി മെഡിക്കല്‍ കോളജിന്റെ മലിനജല സംസ്‌കരണ സംവിധാനം കുറ്റമറ്റതാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി അവിടെ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ സാംപിളുകളും ശേഖരിച്ചു. ദിവസവും മൂന്നു ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മലിനജല സംസ്‌കരണ സംവിധാനത്തില്‍ നിന്നുള്ള വെള്ളം വലിയ കുഴികളില്‍ ശേഖരിക്കുന്നത് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കെഎംസിടിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
അന്ന് നഗരസഭ അധികൃതരും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കുഴികളില്‍ മാലിന്യം തുറന്ന രൂപത്തിലാണ് നിക്ഷേപിക്കുന്നത്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും കൊതുകുകളും ചികിത്സക്കെത്തുന്നവര്‍ക്കും സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിസരത്ത് താമസിക്കുന്നവര്‍ക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് പ്രശ്‌നം ഗുരുതരമാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിശോധന സംഘത്തിനൊപ്പം മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പി മോഹന്‍ദാസ്, എന്‍ ശിവദാസന്‍, പൈക്കാട്ട് ഗിരീഷ് കുമാര്‍, ജോണ്‍ സി മാത്യു, പി ചന്ദ്രന്‍, പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it