Districts

കൃഷ്ണവര്‍മ്മ രാജയെ ഓര്‍ക്കുന്നു; നീലേശ്വരം കൊട്ടാരത്തിലെ നിലവിളക്കുകളും കാവല്‍പ്പുരകളും

പി എ എം ഹനീഫ്

കോഴിക്കോട്: കൃഷ്ണവര്‍മ വലിയ രാജാവിന്റെ പട്ടട കെട്ടടങ്ങിയപ്പോള്‍ സമ്പല്‍സമൃദ്ധിയുടെ വലിയൊരു ചരിത്രസ്മൃതിക്കും അസ്തമയമായി. 2013 മുതല്‍ നീലേശ്വരം രാജാവായി അരിയിട്ടു വാഴ്ത്തപ്പെട്ട കൃഷ്ണവര്‍മയേക്കുറിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന ഇന്നത്തെ നിമിഷങ്ങളില്‍ നീലേശ്വരം പ്രജകള്‍ക്ക് ഓര്‍ക്കാനുള്ളത് തങ്ങളുടെ പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റിനെക്കുറിച്ച്. കാവുകളുടെയും പരദേവതകളുടെയും മണ്ണായ നീലേശ്വരത്തിന് ഇക്കേരി നായ്ക്കന്മാരുടെ കൈയേറ്റകാലം തൊട്ടുള്ള ഓര്‍മകള്‍ താളിയോലകളില്‍ ഉറങ്ങുന്നത് നീലേശ്വരം കോവിലകത്തു മാത്രമായിരുന്നു. ഇന്നതെല്ലാം ചരിത്രസ്മാരകങ്ങള്‍ ആയെങ്കിലും അന്തരിച്ച വലിയരാജാവിന് ഓര്‍മകളില്‍ അമൃതമുദ്രകളായിരുന്നു അതൊക്കെയും. ആനച്ചങ്ങല കിലുക്കങ്ങളും ചിന്നംവിളിയും മുഖരിതമായിരുന്ന രാജപ്രതാപങ്ങള്‍ പട്ടുടുത്തു തിളങ്ങിനിന്ന പല കഥകളും  വലിയ തമ്പുരാന്റെ നാവില്‍ സ്ഥിരമായിരുന്നു. വടക്കേ കോവിലകവും തെക്കേ കോവിലകവും മഠത്തില്‍ കോവിലകവും കിനാനൂര്‍ കോവിലകവും സംയുക്തമായി ചേര്‍ന്ന രാജസ്വരൂപത്തിന്റെ ആസ്ഥാനം തെക്കേ കോവിലകത്തായിരുന്നു.  ടി സി സി കൃഷ്ണവര്‍മരാജയുടെ കാലത്തു തന്നെ ചടങ്ങുകള്‍ വിസ്മൃതിയിലായെങ്കിലും പുതുതലമുറ അരിയിട്ടു വാഴ്ചയടക്കം പല ആചാരങ്ങളിലും പിന്തുടര്‍ച്ച പാലിക്കുന്നതില്‍ കൃഷ്ണവര്‍മ തമ്പുരാന്‍ ശാഠ്യം പിടിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു.1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായത് നീലേശ്വരം മണ്ഡലത്തില്‍ മല്‍സരിച്ചാണ്. ആ തിരഞ്ഞെടുപ്പും നീലേശ്വരം കോവിലകവും അന്നു ചെറുപ്പമായിരുന്ന കൃഷ്ണവര്‍മ ദേശത്ത് സൃഷ്ടിച്ച വന്‍ തീപ്പൊരികളും ഇന്നും ശേഷിക്കുന്ന പഴമക്കാര്‍ ഓര്‍ക്കുന്നു. ഇന്ന് കോവിലകത്തെ പുത്തന്‍ അനന്തരാവകാശികള്‍ക്ക് വൈദ്യമഠം വൈദ്യശാലയുമായി ബന്ധം ഉണ്ടാവുന്നതുപോലും തമ്പുരാന് അഷ്ടവൈദ്യപാരമ്പര്യങ്ങളുമായി ഉണ്ടായിരുന്ന പ്രാക്തന ബന്ധങ്ങളിലൂടെയാണ്. കുറ്റിയാട്ടൂരിലെ രാധ നങ്ങ്യാരമ്മയായിരുന്നു തമ്പുരാന്റെ പത്‌നി എന്നതിനു പിന്നിലും പഴയ നീലേശ്വരം ദേശത്തുകാര്‍ ഓര്‍മിക്കുന്നതു മാമ്പഴ പുരാണങ്ങളാണ്. കുറ്റിയാട്ടൂര്‍ മാമ്പഴം നീലേശ്വരത്തെ പ്രധാന വഴിപാടുകളിലൊന്നായിരുന്നു. കാവല്‍പ്പുരകള്‍ ഇന്നില്ല. കോവണിപ്പടികളിലെ സിംഹരൂപങ്ങളുമില്ല. നീലേശ്വരത്തിന്റെ മണ്ണില്‍ ഒരു രാജവംശം വിസ്മൃതിയിലാവുമ്പോള്‍ ഹൊസ്ദുര്‍ഗ് കോടതി മുറികളില്‍ ചിരിയും ചിന്തയും ഒന്നിച്ചു വിടര്‍ത്തിയിരുന്ന വക്കീല്‍ തമ്പുരാനെ ജീവിച്ചിരിക്കുന്ന പഴയ അഭിഭാഷകര്‍ ഇന്നും സ്മരിക്കുന്നു. തോറ്റ കേസുകളില്‍ പോലും കൃഷ്ണവര്‍മ വക്കീലിന്റെ നര്‍മങ്ങള്‍ കാലം ഇനിയും ചിക്കിച്ചികയും.
Next Story

RELATED STORIES

Share it