കൃഷ്ണപിള്ള സ്മാരകം: റിപോര്‍ട്ട് സമര്‍പ്പിച്ചു; ആക്രമണത്തിന് പിന്നില്‍ സിപിഎം വിഭാഗീയതയെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എസ്‌ഐ വി ആര്‍ രാജീവനാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണു സ്മാരകം ആക്രമിക്കപ്പെട്ടതിനു പിന്നിലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പോലിസ് അന്വേഷണത്തി ല്‍ കണ്ടെത്തിയ അഞ്ചു പ്രതികള്‍ തന്നെയാണു കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ചും കുറ്റപത്രത്തി ല്‍ പറയുന്നു. വിഎസിന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം ലതീഷ് പി ചന്ദ്രന്‍, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികള്‍. പി സാബു ഒന്നാംപ്രതിയും ലതീഷ് പി ചന്ദ്രന്‍ രണ്ടാംപ്രതിയുമാണ്. കേസ് ആദ്യം അന്വേഷിച്ച പോലിസുകാര്‍ ഉള്‍പ്പെടെ 28 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രധാന സാക്ഷികളെല്ലാം സിപിഎമ്മുകാരാണ്.
2013 നവംബര്‍ ഒന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരേ ആരോപണമുയര്‍ന്നിരുന്നു.
കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതെയത്തുടര്‍ന്നു പ്രതികള്‍ തീവയ്പ് നടത്തിയതിനുശേഷം കൃഷ്ണപിള്ള പ്രതിമ തകര്‍ത്തുവെന്നാണ് കേസ്. വിമതനീക്കം നടന്ന കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലെ തര്‍ക്കങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പുമാണ് ആക്രമണത്തിനു കാരണമായത്. ലതീഷ് ബി ചന്ദ്രനും സാബുവുമാണ് ആക്രമണത്തിനു പിന്നിലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗികപക്ഷത്തിനെതിരേ ജനവികാരം ഇളക്കിവിടാന്‍ പ്രതികള്‍ സംഭവം ആസൂത്രണം ചെയ്‌തെന്നാണു പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ കേസിലെ പ്രതികളാണെന്നു കണ്ടെത്തിയവരെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍ പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ പാര്‍ട്ടി പുറത്താക്കിയതിനെതിരേ വി എസ് അച്യുതാനന്ദന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ പ്രദേശത്തെ മറ്റുചിലരാണെന്ന് അടുത്തിടെ സിപിഎം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി.
തിരഞ്ഞെടുപ്പ് വേളയില്‍ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് സര്‍പ്പിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
യുഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കും. ഇത് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാക്കാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it