kozhikode local

കൃത്രിമം നടത്തി ഉദ്യോഗക്കയറ്റം; ജീവനക്കാരന്് രണ്ടു വര്‍ഷം തടവ്

കോഴിക്കോട്: സര്‍വീസ് ബുക്കില്‍ തിരുത്തല്‍ വരുത്തി ഉദ്യോഗക്കയറ്റം നേടിയ കോര്‍പറേഷന്‍ ജീവനക്കാരന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി രണ്ടുവര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച നടുവണ്ണൂര്‍ സ്വദേശി പി എം ഗോവിന്ദന്‍ കുട്ടിയെയാണ് കോടതി ശിക്ഷിച്ചത്. യുഡി ക്ലര്‍ക്കായി ജോലി ചെയ്യവേ പ്രമോഷന്‍ നേടുന്നതിനായി സര്‍വീസ് ബുക്കില്‍ തിരുത്തല്‍ വരുത്തി അനര്‍ഹമായി ശമ്പളം പറ്റി എന്നതായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. സര്‍വീസ് ബുക്കുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്യുന്ന സമയത്ത് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാന്‍ എന്ന വ്യാജേന സ്വന്തം സര്‍വീസ് ബുക്ക് കൈവശപ്പെടുത്തി ജോലിയില്‍ പ്രവേശിച്ച തീയ്യതി തിരുത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പേ സര്‍വീസില്‍ പ്രവേശിച്ചു  എന്ന് തിരുത്തല്‍ വരുത്തി ഉദ്യോഗക്കയറ്റത്തിനുള്ള യോഗ്യതാലിസ്റ്റില്‍ കയറിക്കൂടുകയായിരുന്നു. ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട മറ്റു ഫയലുകളിലും ഇത്തരത്തില്‍ ജോയിനിംഗ് തീയ്യതിയില്‍ മാറ്റം വരുത്തി. 1996 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് സര്‍വീസ് ബുക്കില്‍ കൃത്രിമം നടത്തിയത്. നിയമ വിരുദ്ധമായി സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ശമ്പളം പറ്റിയതിനും കൃത്രിമ രേഖയുണ്ടാക്കിയതിനും മറ്റുമായി മൂന്നര വര്‍ഷം തടവും 15,000 രൂപ പിഴയും ഒടുക്കാനാണ് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി വി പ്രകാശ് വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്ന പരിഗണനയോടെ രണ്ടു വര്‍ഷം തടവും പിഴ 15,000 രൂപയായും നിജപ്പെടുത്തുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it