സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതു 14 ദിവസം

കൊച്ചി: സെക്രേട്ടറിയറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതു പതിനാലു ദിവസമെന്ന് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വി ജോസ് കുര്യന്‍ സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. 2011 ജൂലൈ മാസം സെക്രേട്ടറിയറ്റില്‍ ചീഫ് സെക്യൂരിറ്റി ഓഫിസറായി വന്നതിനു ശേഷം താന്‍ സരിത നായരെ കണ്ടിട്ടില്ല.
സിസിടിവി കാമറ സെക്രേട്ടറിയറ്റില്‍ സ്ഥാപിച്ച കാലം മുതല്‍ ഇന്നേവരെയുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ പതിഞ്ഞതു പതിനാല് ദിവസം മാത്രം നിലനില്‍ക്കുന്ന രീതിയിലാണ്. സെക്രേട്ടറിയറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ 500 ജിബി ഹാര്‍ഡ് ഡിസ്‌കില്‍ 14 ദിവസം റിക്കാര്‍ഡ് ചെയ്യുമ്പോള്‍ മെമ്മറി ഫുള്‍ ആവും. 15ാം ദിവസം മുതല്‍ അതേ ഹാര്‍ഡ് ഡിസ്‌കില്‍ ഓവര്‍റൈറ്റ് ചെയ്യുന്ന സംവിധാനമാണു നിലവിലുള്ളത്. എന്നാല്‍ ഈ 14 ദിവസത്തിനുള്ളില്‍ സുരക്ഷാസംബന്ധമായ ഏതെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ തെളിവിലേക്കായി ദൃശ്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.
അല്ലാതെ സെക്രേട്ടറിയറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ 500 ജിബി ഹാര്‍ഡ് ഡിസ്‌കില്‍ നിറയുമ്പോള്‍ അതു മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ടേപ്പിലോ സി.ഡിയിലോ പകര്‍ത്തുകയോ ചെയുന്ന പതിവ് നിലവിലില്ല. അതിനാല്‍ സെക്രേട്ടറിയറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഒരു വര്‍ഷമോ അതിനുശേഷമോ തിരിച്ചെടുക്കുന്നതിനു നിലവിലുള്ള സംവിധാനങ്ങള്‍ വഴി സാധ്യമല്ലെന്നും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ 24 സിസിടിവി കാമറകളുടെ സ്ഥാനത്ത് അതിനെ 48 ആയി ഉയര്‍ത്തി ദൃശ്യങ്ങള്‍ ആറു മാസത്തേക്കു നിലനില്‍ക്കുന്നവിധം പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചതിന്റെ സ്‌കെച്ച് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കി. റിപോര്‍ട്ടര്‍ ചാനല്‍ എംഡി എം വി നികേഷ് കുമാറിനു വേണ്ടി അവരുടെ ലൈബ്രേറിയന്‍ കമ്മീഷന് മുമ്പാകെ ഹാജരായി.
Next Story

RELATED STORIES

Share it